ബെംഗളൂരു: ബി.ജെ.പി. എം.എൽ.എ. അരവിന്ദ് ലിംബാവലിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ കന്നഡ വാർത്താ ചാനൽ ഫോക്കസ് ടി.വി. മാനേജിങ് ഡയറക്ടറെ അറസ്റ്റുചെയ്തു. യെലഹങ്ക ന്യൂ ടൗൺ സ്വദേശിയായ ഹേമന്ത് എം. കമ്മാറാണ് അറസ്റ്റിലായത്. എം.എൽ.എ.യുടെ അശ്ലീലവീഡിയോ കൈവശമുണ്ടെന്നുപറഞ്ഞ് ഒരുവർഷത്തോളമായി ഭീഷണിപ്പെടുത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
50 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തൽ. അശ്ലീല വീഡിയോ കൈവശമുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഹേമന്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതായി ക്രൈം ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. എം.എൽ.എ.യുടെ സഹായി ഗിരീഷ് ഭരദ്വാജ് മേയ് രണ്ടിനാണ് വൈറ്റ്ഫീൽഡ് പോലീസിൽ പരാതിനൽകിയത്.
സിറ്റി പോലീസ് കമ്മിഷണർ ടി. സുനീൽകുമാർ കേസ് സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2018-ലാണ് ഹേമന്ത് കന്നഡ വാർത്താ ചാനൽ ആരംഭിച്ചത്. ആർ.എം.വി. സെക്കൻഡ് സ്റ്റേജിലായിരുന്നു ഓഫീസ്. രഘു മൗര്യ എന്നപേരിലുള്ള ഫെയ്സ്ബുക്ക് പ്രൊഫൈലിൽ അരവിന്ദ് ലിംബാവലിയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ 2018 മേയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് ഹേമന്ത് എം.എൽ.എ.യുടെ സഹായിയെ വിളിച്ച് വീഡിയോ ക്ലിപ്പിന്റെപേരിൽ ഭീഷണി തുടങ്ങുകയായിരുന്നു. വീഡിയോയുടെ 25 കോപ്പികൾ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സമ്മർദമുള്ളതായി ഹേമന്ത് ഇയാളെ അറിയിച്ചു.
മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തിൽ പുറത്തുവിടാനാണെന്നും ജെ.ഡി.എസ്. നേതാക്കളും കൗൺസിലർമാരും ഉദ്യോഗസ്ഥരും അഴിമതിവിരുദ്ധ ബ്യൂറോയും വീഡിയോ ആവശ്യപ്പെട്ട് സമ്മർദം ചെലുത്തുന്നതായും ഹേമന്ത് പറഞ്ഞു. ഭീഷണി തുടർന്നതോടെ എം.എൽ.എ.യുടെ സഹായി പോലീസിൽ പരാതിനൽകുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.