ബെംഗളൂരു: ബി.ബി.എം.പി. ശിവാജിനഗർ റസ്സൽ മാർക്കറ്റിലെ അനധികൃത കച്ചവടസ്ഥാപനങ്ങൾ പൊളിച്ചു നീക്കി. നടപ്പാത കൈയേറി നിർമിച്ച ഹോട്ടലുകളും സ്റ്റേഷനറി കടകളുമുൾപ്പെടെയുള്ളവയാണ് പൊളിച്ചുനീക്കിയത്. നടപ്പാതകൾ കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
കടയുടമകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷമാണ് ബി.ബി.എം.പി. പൊളിച്ചു നീക്കാനെത്തിയത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ ജെ.സി.ബി. ഉപയോഗിച്ച് കടകൾ പൊളിച്ചു നീക്കുകയായിരുന്നു. ബി.ബി.എം.പി. സ്പെഷ്യൽ കമ്മിഷണർ രവീന്ദ്രയുടെ നേതൃത്വത്തിൽ 700-ഓളം ജീവനക്കാരടങ്ങുന്ന ആറ് സംഘങ്ങളായിട്ടായിരുന്നു കച്ചവടം ഒഴിപ്പിക്കാനെത്തിയത്. നൂറോളം പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു.
മീൻ മാർക്കറ്റിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ജീവനക്കാരെ തടയാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് ലാത്തി വീശി. മാർക്കറ്റിൽ ആയിരത്തിലധികം കടകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ബി.ബി.എം.പി.ക്ക് ലഭിച്ച വിവരം. റംസാൻ പൂർത്തിയാകുന്നതുവരെ കൈയേറ്റം ഒഴിപ്പിക്കുന്നത് നിർത്തിവെക്കണമെന്ന് കടയുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.