മുംബൈ: ടൈയും തുടര്‍ന്നു സൂപ്പര്‍ ഓവറും വേണ്ടി വന്ന ത്രില്ലറില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു മിന്നും വിജയം. മുന്‍ ജേതാക്കളും നിലവിലെ റണ്ണറപ്പുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച മുംബൈ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കു ശേഷം പ്ലേഓഫിലെത്തിയ മൂന്നാമത്തെ ടീമാണ് മുംബൈ. സൂപ്പർ ഓവറിൽ മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് ഒമ്പത് റൺസായിരുന്നു. റാഷിദ് ഖാന്റെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ സിക്സ് അടിച്ചപ്പോൾ രണ്ടാം പന്തിൽ സിംഗിളെടുത്തു. മൂന്നാം പന്തിൽ കീറോൺ പൊള്ളാർഡ് ഡബിളെടുത്തു. ഇതോടെ മുംബൈ 16 പോയിന്റോടെ പ്ലേ ഓഫിലെത്തി.
സൂപ്പർ ഓവറിൽ ഹൈദരാബാദിനായി ക്രീസിലിറങ്ങിയത് മുഹമ്മദ് നബിയും മനീഷ് പാണ്ഡെയുമായിരുന്നു. നാല് പന്തിനിടെ തന്നെ ഹൈദരാബാദിന്റെ രണ്ട് വിക്കറ്റ് പോയി. ഒരു റണ്ണെടുത്ത മനീഷ് പാണ്ഡെ ആദ്യം പോയി. പിന്നാലെ ആറു റണ്ണുമായി മുഹമ്മദ് നബിയും പുറത്തായി. ഒരു റണ്ണുമായി മാർട്ടിൻ ഗുപ്റ്റിൽ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഹൈദരാബാദ് ആറു വിക്കറ്റിന് 162 റണ്‍സെടുത്തതോടെ കളി ടൈയായി. അവസാന പന്തില്‍ ഏഴു റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. മനീഷ് പാണ്ഡെ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയതോടെ സ്‌കോര്‍ തുല്യം. ഇരുടീമും നിശ്ചിത ഓവറിൽ 162 റൺസ് എടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
ഹൈദരാബാദിന്റെ ഇന്നിങ്‌സില്‍ മനീഷ് പാണ്ഡെയാണ് (71*) ശ്രദ്ധേയമായ പ്രകടനം നടത്തിയത്. 47 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പാണ്ഡെ 71 റണ്‍സ് അടിച്ചെടുത്തത്. മുഹമ്മദ് നബി (31), വൃധിമാന്‍ സാഹ (25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴത്തി.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ താരവുമായ ക്വിന്റണ്‍ ഡികോക്കിന്റെ (69*) അപരാജിത ഇന്നിങ്‌സാണ് മുംബൈയെ ഭദ്രമായ സ്‌കോറിലെത്തിച്ചത്. 58 പന്തുകള്‍ നേരിട്ട ഡികോക്ക് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും പായിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24), സൂര്യകുമാര്‍ യാദവ് (23), ഹര്‍ദിക് പാണ്ഡ്യ (18), കിരോണ്‍ പൊള്ളാര്‍ഡ് (10) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റുള്ളവര്‍. ഹൈദരാബാദിനു വേണ്ടി പേസര്‍ ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റെടുത്തു. മലയാളി പേസര്‍ ബേസില്‍ തമ്പി നാലോവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.