ബെംഗളൂരു: മാണ്ഡ്യയിൽ തിരഞ്ഞെടുപ്പ് ഓഫീസറും സുമലതയും നേർക്കുനേർ; ഒടുവിൽ തിരഞ്ഞെടുപ്പ് ഓഫീസറെ മാറ്റി തിരഞ്ഞെടുപ്പ് കമ്മിഷൻ!! മാണ്ഡ്യയിലും ഹാസനിലും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപകപരാതിക്കിടയിൽ മാണ്ഡ്യയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും സ്വതന്ത്ര സ്ഥാനാർഥി സുമലതയും നേർക്കുനേർ. തർക്കവും പരാതിയും വ്യാപകമായതിനെത്തുടർന്ന് മാണ്ഡ്യ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അക്രം പാഷയെ തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റി. പകരം പ്രിയങ്ക മേരി ഫ്രാൻസിസിനെ നിയമിച്ചു.
രാഷ്ട്രീയ നേതാക്കളുമായുള്ള വിക്രം പാഷയുടെ അടുത്ത ബന്ധം തെളിയിക്കുന്ന രേഖകളടക്കം ബി.ജെ.പി. നൽകിയ പരാതിയെ തുടർന്നാണ് നടപടി. മാണ്ഡ്യയിലെ ജനതാദൾ എസ്. സ്ഥാനാർഥി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിക്ക് അനുകൂലമായി നടപടി സ്വീകരിക്കുന്നുവെന്നാണ് പരാതി. സുമലതയെ പിന്തുണച്ച് ബി.ജെ.പി.യും ബി.എസ്.പി.യും രംഗത്തെത്തിയിരുന്നു.
നിഖിൽ കുമാരസ്വാമി പത്രിക സമർപ്പിച്ചത് ചട്ടവിരുദ്ധമായാണെന്നും എന്നാൽ പത്രികയിലെ പിഴവ് ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്ത് തിരുത്തിയെന്നുമാണ് ആരോപണം. പത്രികയിലെ പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ജില്ലാ കളക്ടർ കൂടിയായ മഞ്ജുശ്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇതിൽ രേഖാമൂലം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ജില്ലാ കളക്ടർ എൻ. മഞ്ജുശ്രീക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കുമാറിന് പരാതി നൽകിയിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ സീരിയിൽ നമ്പർ അനുവദിച്ചതിനും ക്രമക്കേടുണ്ട്. യന്ത്രത്തിൽ ആദ്യ നമ്പർ അനുവദിച്ചത് നിഖിൽ കുമാരസ്വാമിക്കാണ്. സുമലതയ്ക്ക് അനുവദിച്ചത് ഇരുപതാം നമ്പറാണ്. ഒരു വോട്ടിങ് യന്ത്രത്തിൽ പരമാവധി ഉൾപ്പെടുത്താനാവുന്നത് 16 സ്ഥാനാർഥികളുടെ പേരാണ്. അതിനാൽ സുമലതയുടെ പേര് രണ്ടാമത്തെ വോട്ടിങ് യന്ത്രത്തിലായിരിക്കും. ഇത് വോട്ടർമാരിൽ ആശയകുഴപ്പമുണ്ടാക്കുമെന്നും സുമലത ആരോപിച്ചു.
മാണ്ഡ്യ അതീവ പ്രശ്നസാധ്യതാ മണ്ഡലമായി പ്രഖ്യാപിക്കണമെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകനെ നിയോഗിക്കണമെന്നും സുമലതയും ബി.ജെ.പി.യും ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.