ഓരോ വോട്ടും ‘മധുരരാജ’യ്ക്ക്!! വോട്ട് ചെയ്യേണ്ട ചിഹ്നം ‘സിംഹം’.

ഓരോ വോട്ടും മധുരാജയ്ക്ക് എന്ന് എഴുതിയിരിക്കുന്ന ഓൺലൈൻ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി  വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഓൺലൈൻ പോസ്റ്ററുകള്‍ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വോട്ട് ഫോര്‍ രാജ എന്ന തലവാചകവുമായാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. സിംഹമാണ് മധുരരാജയ്ക്ക് വോട്ട് ചെയ്യേണ്ട ചിഹ്നം. കൈകൂപ്പി ചെറു പുഞ്ചിരിയോടെയാണ് മധുരരാജ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംവിധായകൻ വൈശാഖിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് മധുരരാജ. പോക്കിരിരാജയിൽ രാജയും രാജയുടെ പിള്ളേരും ഡബിള്‍ സ്ട്രോങ്ങെന്നായിരുന്നു ഡയലോഗെങ്കിൽ ഇക്കുറി അത് ട്രിപ്പിള്‍ സ്ട്രോങ്ങെന്നാക്കിയാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്.

പോക്കിരി രാജയില്‍ പൃഥ്വിരാജായിരുന്നു മമ്മൂട്ടിയുടെ അനിയന്‍. എന്നാല്‍,  ഇക്കുറി തമിഴ് നടന്‍ ജയ് ആണ് മമ്മൂട്ടിക്കൊപ്പം എത്തിയിരിക്കുന്നത്. എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സും ശ്രദ്ധേയമായ ഘടകമാണ്.

പുലിമുരുകന് ശേഷം വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നെൽസൺ ഐപ്പ് സിനിമാസിന്‍റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന മധുരരാജയുടെ വിതരണം യുകെ സ്റ്റുഡിയോസ് ആണ്.

ജഗപതി ബാബു വില്ലൻ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം മൂന്ന് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോള്‍ഗാട്ടി, ബിജുക്കുട്ടൻ, സിദ്ധിഖ്, എം ആര്‍ ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂർ, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us