ബെംഗളൂരു: മൈസൂരു, കോൺഗ്രസ് ഏറ്റെടുത്തതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയ്ക്ക് സുരക്ഷിതമണ്ഡലം തേടുകയാണ് നേതാക്കൾ. മൈസൂരു ലഭിച്ചില്ലെങ്കിൽ മത്സരത്തിനില്ലെന്ന ഭീഷണി ദേവഗൗഡ ഉയർത്തിയെങ്കിലും സീറ്റ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായില്ല.
സീറ്റ് നഷ്ടപ്പെട്ടതിൽ ദൾ നേതാക്കളും അതൃപ്തരാണ്. എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ ദേവഗൗഡ മനസ്സുതുറന്നിട്ടില്ല. ബെംഗളൂരു നോർത്ത്, തുമകൂരു മണ്ഡലങ്ങളാണ് ദേവഗൗഡയ്ക്കായി പരിഗണിക്കുന്നത്. രണ്ടിടങ്ങളിലും ബി.ജെ.പി.ക്കും കോൺഗ്രസിനും ശക്തമായ സ്വാധീനമുണ്ട്.
പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പൂർണപിന്തുണ ലഭിച്ചില്ലെങ്കിൽ അനായാസവിജയം നേടാനാവില്ല. ബെംഗളൂരു നോർത്ത് ബി.ജെ.പി.യുടെ സിറ്റിങ് സീറ്റാണ്. വൊക്കലിഗ സമുദായത്തിന് നിർണായകസ്വാധീനമുണ്ടെങ്കിലും നഗരത്തിൽ വോട്ടർമാരെ സ്വാധീനിക്കുന്നത് മറ്റുഘടകങ്ങളാണ്. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ വൻഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിൽ ബലപരീക്ഷണത്തിന് ദൾനേതാക്കൾ തയ്യാറല്ല.
എന്നാൽ, മുതിർന്നനേതാവ്, മുൻ പ്രധാനമന്ത്രി എന്ന നിലയിൽ ദേവഗൗഡയ്ക്ക് മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ദേവഗൗഡയോട് മത്സരിക്കാൻ ഭയമില്ലെന്ന് സദാനന്ദഗൗഡയും വ്യക്തമാക്കി. അതേസമയം, ബെംഗളൂരു നോർത്തിനേക്കാൾ സുരക്ഷിതം തുമകൂരുവാണെന്നാണ് പാർട്ടിനേതാക്കളുടെ അഭിപ്രായം.
മൈസൂരു ലഭിക്കാത്തതിലുള്ള അതൃപ്തി മാറ്റുന്നതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു നോർത്തിൽ ഉൾപ്പെടുന്ന നിയമസഭാമണ്ഡലത്തിൽ ഭൂരിപക്ഷം സീറ്റും നേടിയത് കോൺഗ്രസാണ്. എട്ട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് അഞ്ചും ജെ.ഡി.എസ്. രണ്ടും ബി.ജെ.പി. ഒന്നും നേടി. ന്യൂനപക്ഷങ്ങൾക്കും മണ്ഡലത്തിൽ നിർണായക സ്വാധീനമുണ്ട്.
മുൻ പ്രധാനമന്ത്രിയെന്ന നിലയിൽ രാഷ്ട്രീയം നോക്കാതെ ദേവഗൗഡയ്ക്ക് പിന്തുണ ലഭിക്കുമെന്ന വാദവും ശക്തമാണ്. എന്നാൽ, വിജയത്തിന് കോൺഗ്രസിനെ പൂർണമായും ആശ്രയിക്കേണ്ടിവരും. 2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യിലെ സദാനന്ദഗൗഡയ്ക്ക് 7,18,326 വോട്ടും കോൺഗ്രസിന് 4,88,562 വോട്ടും ലഭിച്ചപ്പോൾ ദളിന് ലഭിച്ചത് 92681 വോട്ടാണ്.
മൈസൂരുവിലെ പാർട്ടിപ്രവർത്തകരും അനുയായികളും ദേവഗൗഡ മത്സരിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സീറ്റ് നഷ്ടപ്പെടുത്തിയതെന്നും ജനതാദൾ-എസ് നേതാക്കൾ കുറ്റപ്പെടുത്തി. തുമകൂരുവിൽ ജനതാദളിന്റെ സ്ഥിതി കൂടുതൽ മെച്ചമാണ്. മണ്ഡലത്തിൽ ഉൾപ്പെടുന്ന എട്ട് നിയമസഭാസീറ്റിൽ ജനതാദൾ-എസിന് മൂന്നെണ്ണത്തിൽ വിജയിക്കാൻ കഴിഞ്ഞു. ബി.ജെ.പി.ക്ക് നാലുസീറ്റിലും കോൺഗ്രസിന് ഒരു സീറ്റിലുമാണ് വിജയിക്കാനായത്.
ബെംഗളൂരു നോർത്തിനേക്കാൾ ദളിന് കൂടുതൽ അടിത്തറയുള്ളത് തുമകൂരുവിലാണ്. അതിനാൽ ദേവഗൗഡ മത്സരത്തിന് തിരഞ്ഞെടുക്കുന്നത് തുമകൂരുവായിരിക്കുമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം കരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.