തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

കോഴിക്കോട്: പേരാമ്പ്രയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ കക്കറമുക്ക് റോഡിലെ എടോളിത്താഴെ ഉണ്ടായ അപകടത്തിൽ പേരാമ്പ്ര സ്വദേശിനി സോന (27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തി യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സോനയുടെ കുടുംബം പോലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ്.

പ്രാഥമിക പരിശോധനകളിൽ കാറിലെ വൈദ്യുത ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ അല്ല തീപിടിത്തത്തിന് കാരണമെന്ന സൂചനകൾ പുറത്തുവന്നതാണ് ബന്ധുക്കളുടെ സംശയം ബലപ്പെടുത്തുന്നത്. സാധാരണ നിലയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ കാറിന്റെ മുൻഭാഗത്തുനിന്നാണ് തീ പടരുകയെന്നും, എന്നാൽ ഈ അപകടത്തിൽ കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ ഉയർന്നതെന്നും വിദഗ്ധർ വിലയിരുത്തുന്നു. കൂടാതെ, ഷോർട്ട് സർക്യൂട്ട് മൂലമാണെങ്കിൽ വാഹനം ഇത്രയും വേഗത്തിൽ പൂർണ്ണമായി കത്തിനശിക്കില്ലെന്നും കാറിനുള്ളിൽ അപകടകരമായ മറ്റെന്തോ വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും സോനയുടെ അമ്മാവൻ എ.കെ. സത്യൻ ആരോപിച്ചു. ആശുപത്രി പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ സോനയെ മുൻസീറ്റിലിരുത്താതെ പിൻസീറ്റിലിരുത്തിയതും സംശയത്തിന് ഇടനൽകുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

അപകടസമയത്ത് കാറോടിച്ചിരുന്ന സോനയുടെ ഭർത്താവ് രജിൻ ലാലിന്റെ മുൻകാല ചരിത്രവും ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും, വിവാഹത്തിന് തൊട്ടുമുമ്പ് രജിൻ മറ്റൊരു യുവതിയുമായി ബന്ധത്തിലായതിനെ തുടർന്ന് സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചകൾക്കൊടുവിൽ, കുടുംബങ്ങളുടെ എതിർപ്പ് മറികടന്ന് 2023-ലാണ് ഇവർ വിവാഹിതരായത്.

വീട്ടിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ജനവാസം കുറഞ്ഞ എടോളിത്താഴെ വെച്ച് വാഹനത്തിൽ നിന്ന് പുക ഉയർന്നത്. ശക്തമായ പൊട്ടിത്തെറിയോടെയാണ് തീ ആളിപ്പടർന്നതെന്ന് ദൃക്‌സാക്ഷിയായ സമീപവാസി ഒതയോത്ത് മുഹമ്മദ് പറഞ്ഞു. വാഹനം നിർത്തിയ ഉടൻ തന്നെ ഭർത്താവ് രജിൻ ലാൽ പുറത്തിറങ്ങി സമീപത്തെ തോട്ടിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പിൻവശത്തെ വാതിൽ ലോക്കായിരുന്നതിനാലും തീ അതിവേഗം പടർന്നതിനാലും സോനയെ പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു. ഗുരുതരാവസ്ഥയിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സോനയുടെ ജീവൻ രക്ഷിക്കാനായില്ല.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

അപകടത്തിൽ അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഭർത്താവ് രജിൻ ലാൽ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ പോലീസിന് ഇതുവരെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് അന്വേഷണസംഘം അറിയിച്ചു. സംഭവത്തിൽ മേപ്പയൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts