തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചാനലുകള്‍ നിലപാട് മാറ്റാനൊരുങ്ങുന്നുവെന്നു സൂചന. ജനം ടിവിയുടെ കുതിപ്പ് കണ്ടു ഞെട്ടിയ ചാനല്‍ മുതലാളിമാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായെന്നാണ് റിപ്പോർട്ടുകൾ. തീവ്ര പുരോഗമന വാദത്തില്‍ നിന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും പിന്മാറുകയാണ്. കരുതലോടെയാണ് അവതാരകരുടെ ചോദ്യവും ഇടപെടലും. ആചാരങ്ങളെ കുറ്റപ്പെടുത്തുന്നതൊന്നും ആരും പറയില്ല. തൃപ്തി ദേശായിക്ക് വേണ്ടി വാദിച്ചിരുന്ന ചാനലുകള്‍ പോലും പതിയെ നിലപാട് മാറുകയാണ്. ഇന്നലത്തെ ചര്‍ച്ചകളില്‍ ആരും തൃപ്തി ദേശായിയെ അനുകൂലിച്ച് സംസാരിച്ചില്ല. മറിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ച് പോവുകയാണ് ചെയ്തത്.
ഇതിനൊപ്പം നെടുമ്പാശ്ശേരിയില്‍ പ്രതിരോധം തീര്‍ത്തവരെ കലാപകാരികളായി ചിത്രീകരിച്ചതുമില്ല. വളരെ കരുതലോടെയാണ് റിപ്പോര്‍ട്ടിംഗും ചര്‍ച്ചകളും. ചാനല്‍ റേറ്റിംഗായ ബാര്‍ക്കില്‍ വന്ന മാറ്റങ്ങളാണ് ഇതിനെല്ലാം കാരണമെന്നാണ് സൂചന. ആര്‍എസ്‌എസ് നിയന്ത്രണത്തിലൂള്ള ചാനലാണ് ജനം ടിവി. അതുകൊണ്ട് തന്നെ റേറ്റിംഗില്‍ എന്നും അവസാന സ്ഥാനത്തായിരുന്നു അവര്‍. ഇടയ്ക്ക് സര്‍ക്കാരിനെതിരെ കടന്നാക്രമണങ്ങള്‍ നടത്തി പ്രതിപക്ഷ ചാനലായി മാറി ചെറിയ മുന്നേറ്റം നടത്തി. കണ്ണട വാങ്ങല്‍ വിവാദവും മറ്റും ചര്‍ച്ചയാക്കിയായിരുന്നു ഇത്. അപ്പോഴും ഏഷ്യാനെറ്റ് ന്യൂസിനും മനോരമയും മാതൃഭൂമിയും ന്യൂസ് 18നുമെല്ലാം ജനത്തിന് മുന്നിലായിരുന്നു.
ആരും ജനം ടിവിയില്‍ നിന്ന് ഭീഷണി പ്രതീക്ഷിച്ചതുമില്ല. ശബരിമലക്കാലത്തെ പ്രതിഷേധം കാര്യങ്ങള്‍ മാറ്റി മറിച്ചു. റേറ്റിംഗില്‍ വന്‍ കുതിച്ചു ചാട്ടം ജനം ടിവി നടത്തി. ചില സമയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന മന്നേറ്റം ജനം ടിവി കാഴ്ച വച്ചു. ഇതോടെയാണ് മുഖ്യധാരാ ചാനലുകള്‍ പതിയെ നിലപാട് മാറ്റം തുടങ്ങിയത്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ അറസ്റ്റില്‍ പോലും കരുതലോടെയാണ് ഇടപെട്ടത്. മാതൃഭൂമി പത്രം തുടക്കം മുതല്‍ തന്നെ നാമജപ പ്രതിഷേധത്തെ തള്ളി പറഞ്ഞിരുന്നില്ല. മീശ നോവല്‍ വിവാദം പത്രത്തിന്റെ സര്‍ക്കുലേഷനിലുണ്ടാക്കിയ ഇടിവായിരുന്നു ഇതിന് കാരണം.
ഇതേ രീതിയില്‍ കരുതലുകള്‍ മാതൃഭൂമിയും എടുത്തു. വേണുവും ചര്‍ച്ചകളില്‍ വിശ്വാസികളെ കടന്നാക്രമിക്കാതെ മുന്നേറിയപ്പോള്‍ മാതൃഭൂമിക്ക് ആശ്വാസവുമായി. മനോരമയ്ക്ക് വലിയ തിരിച്ചടിയായിരുന്നു ബാര്‍ക്ക് റേറ്റിങ്. ജനം രണ്ടാമത് എത്തിയ ആദ്യ ആഴ്ചയില്‍ അവര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിന്നീട് രണ്ടാം സ്ഥാനം പിടിച്ചെടുത്തുവെങ്കിലും ആട്ട ചിത്തര ആഴ്ചയില്‍ വീണ്ടും പിറകോട്ട് പോയി. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് മനോരമ ന്യൂസും കാണുന്നത്. ചര്‍ച്ചകളിലെ മിതത്വം അനിവാര്യമാണെന്ന് മനോരമ തിരിച്ചറിയുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് ഇതിന് വേണ്ട മിതത്വം ചാനല്‍ എടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.
മിക്കപ്പോഴും വിളിച്ചു വരുത്തി അപമാനിക്കുന്ന അവതാരക എന്ന പേരെടുത്ത ഷാനി പ്രഭാകരനെ തന്ത്രപരമായി ചര്‍ച്ചകളില്‍ നിന്ന് മാറ്റി. ഇതിന് വേണ്ടി നിര്‍ണ്ണായക സമയത്ത് ഷാനിയെ കൊച്ചിയില്‍ നിന്ന് തന്നെ മാറ്റി. ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന് അങ്ങനെ ഷാനി പോയി. മധ്യപ്രദേശില്‍ ആണ് ഷാനി ഇപ്പോൾ ഉള്ളത്. ഇതോടെ അയ്യപ്പദാസിനെ ചര്‍ച്ചാ ചുമതല ഏല്‍പ്പിച്ചു. വൃശ്ചികമാസത്തിലെ നട തുറക്കും മറ്റ് വിവാദങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നത് അയ്യപ്പദാസാണ്. അയ്യപ്പന്റെ പേരിനോടുള്ള സാമ്യവും അവതാരകന്റെ ഇടപെടലുമെല്ലാം വിശ്വാസികളെ ചാനലിലേക്ക് അടുപ്പിക്കുമെന്നാണ് മനോരമയുടെ പ്രതീക്ഷ.
ഒരു പക്ഷത്തും കൃത്യമായി നിലയുറപ്പിക്കാതെയുള്ള ചര്‍ച്ചകളിലേക്കാണ് മനോരമയും മാറുന്നത്. ഇതിനെല്ലാം കാരണം ജനം ടിവിയുടെ കുതിപ്പാണെന്നാണ് വിലയിരുത്തല്‍. ആരും ഇതുവരെ ചോദ്യം ചെയ്യാത്ത തരത്തിലായിരുന്നു ഏഷ്യാനെറ്റിന്റെ മുന്നേറ്റം. രണ്ടാമതുള്ള ചാനലിനേക്കാള്‍ അറുപതോളം പോയിന്റെ വ്യത്യാസം അവര്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ജനം ടിവിയുമായുള്ള ഏഷ്യാനെറ്റിന്റെ വ്യത്യാസം 17 പോയിന്റായി മാറി. ഇതോടെ ആരും ഒന്നാം സ്ഥാനം സ്വന്തമാക്കാതിരിക്കാനുള്ള കരുതല്‍ അവരും എടുക്കുന്നു. തുലമാസ പൂജ സമയത്ത് യുവതി പ്രവേശനത്തിന് പൂര്‍ണ്ണമായും അനുകൂല നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസ് എടുത്തത്.
റേറ്റിംഗിലെ പ്രതിഫലനങ്ങള്‍ കാരണം ആട്ട ചിത്തിര സമയത്ത് തന്നെ തിരുത്തലുകള്‍ വരുത്തി. എന്നാല്‍ കഴിഞ്ഞ ആഴ്ചത്തെ റേറ്റിങ് പരിഗണിച്ച് വലിയ മാറ്റങ്ങള്‍ക്ക് ഏഷ്യനെറ്റും തയ്യാറെടുക്കുകയാണ്. തുടക്കത്തില്‍ തീവ്ര ഇടതുപക്ഷക്കാരായിരുന്നു ശബരിമല റിപ്പോര്‍ട്ടിംഗിന് ചാനല്‍ നിയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ അയച്ചവര്‍ വിശ്വാസ പക്ഷത്തുള്ളവരും. ഭക്തരുടെ വികാരങ്ങളെ തട്ടിയുടയ്ക്കാത്ത വിധത്തിലേക്ക് ഏഷ്യാനെറ്റും റിപ്പോര്‍ട്ടിങ് രീതി മാറ്റി.മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തില്‍ ഒരു ചാനലും ഇതുവരെ ഏഷ്യാനെറ്റിന് ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല. ഇതാണ് ജനം ടിവി തകര്‍ത്തെറിയുന്നത്.
പുതിയ റേറ്റിങ് പ്രകാരം ഏഷ്യാനെറ്റുമായി ഇഞ്ചോടിഞ്ഞ് പോരാട്ടത്തിലാണ് ജനം ടിവി. ആട്ട ചിത്തിരയ്ക്ക് നട തുറന്നിരുന്ന ആഴ്ചയിലാണ് ജനത്തിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. ശബരിമലയിലെ വിശേഷങ്ങള്‍ അറിയാന്‍ വിശ്വാസികള്‍ ഒന്നടങ്കം ജനം ടിവി കാണുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അവതാരകരുടെ ഇടപെടലും മുഖം മാറ്റവും റിപ്പോര്‍ട്ടര്‍ തെരഞ്ഞെടുപ്പിലും എല്ലാം ഇത് വ്യക്തമാണ്. സിപിഎം ചാനലായ കൈരളി-പീപ്പിളും മാത്രമാണ് പരിവാറുകാരെ കടന്നാക്രമിക്കുന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ബാക്കിയെല്ലാവരും കടന്നാക്രമണം നിര്‍ത്തി കഴിഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.