ബെംഗളൂരു: നഗരത്തിൽ ഇരുചക്ര വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതായി മോട്ടോർവാഹനവകുപ്പിന്റെ കണക്ക്. 2017- 18 വർഷം നഗരത്തിൽ 51 ലക്ഷം ഇരുചക്രവാഹനങ്ങളാണുള്ളത്. മുൻവർഷത്തെക്കാൾ 8.52 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിൽ രജിസ്റ്റർചെയ്തിരിക്കുന്ന വാഹനങ്ങളുടെ മാത്രം കണക്കാണിത്. മറ്റു ജില്ലകളിലും മറ്റുസംസ്ഥാനങ്ങളിലും രജിസ്റ്റർചെയ്ത ബെംഗളൂരുവിലോടുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം ഇക്കൂട്ടത്തിൽപ്പെടില്ല.
ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന്റെ കാരണങ്ങളിലൊന്നാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.മുൻവർഷം 47 ലക്ഷം ഇരുചക്രവാഹനങ്ങളാണ് നഗരത്തിലുണ്ടായിരുന്നത്. 2016-ൽ 42 ലക്ഷം ഇരുചക്രവാഹനങ്ങളും രജിസ്റ്റർ ചെയ്തു. നഗരത്തിലെ ആകെ വാഹനങ്ങളുടെ എണ്ണം 74 ലക്ഷമാണ്.
ചുരുങ്ങിയ തുകയ്ക്ക് ഇരുചക്രവാഹനങ്ങൾ ലഭിക്കുന്നതും നഗരത്തിലെ ചെറുവഴികളിലൂടെ പോലും സഞ്ചരിക്കാനുള്ള സൗകര്യവുമാണ് ഇരുചക്രവാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നത്. വാഹനവിൽപ്പനക്കാർ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നതും വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
അതേസമയം, നഗരത്തിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രിക്കുന്നതിനുവേണ്ടി പ്രത്യേക നയങ്ങളില്ലാത്തതും തിരിച്ചടിയാകുന്നു. ഇരുചക്രവാഹനങ്ങൾ നിർത്താൻ ആവശ്യമായ സൗകര്യങ്ങൾ നഗരത്തിലില്ല. കെട്ടിടങ്ങൾ നിർമിക്കുമ്പോൾ കാറുകൾ നിർത്താനാവശ്യമായ സൗകര്യങ്ങളുണ്ടോ എന്നുമാത്രമാണ് അധികൃതർ പരിശോധിക്കുന്നത്. ഇരുചക്രവാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങളും നഗരത്തിൽ വർധിക്കുകയാണ്.
ഇരുചക്രവാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർധന കുറയ്ക്കാൻ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം. നിലവിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്രചെയ്യുന്നതിലും കുറഞ്ഞചെലവിൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാം. പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രച്ചെലവ് കുറ്ച്ചാൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നതും കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.