ബെംഗളൂരു: ഇരമ്പുന്ന ഓർമ്മകളെ സാംസ്കാരികതയിൽ നിന്ന് വെയക്തികതയിലേക്ക് ചുരുക്കിയെടുത്ത് ചരിത്രത്തിൻ്റെ മറവികളെ സൗന്ദര്യാത്മകതയാൽ ആഘോഷിച്ച കൃതിയാണ് ഖസാക്കിൻ്റെ ഇതിഹാസമെന്ന് പ്രമുഖ ചിന്തകൻ കെഇഎൻ
അഭിപ്രായപ്പെട്ടു.
വേദാന്തത്തിൻ്റെ പ്രാപഞ്ചികതയെ തീവ്രസാമൂഹികതയിലേക്ക് തിരിച്ചു നിർത്തുകയായിരുന്നു നവോത്ഥാന ആത്മീയത ചെയ്തതെങ്കിൽ നവോത്ഥാനപൂർവ്വമായ ആത്മീയതയുടെ അജ്ഞേയത കൊണ്ട് മാനവികതയെത്തന്നെ മിത്താക്കി അവതരിപ്പിക്കുകയാണ്
ഖസാക്കിൽ സംഭവിക്കുന്നത്. പുരോഗമന സാഹിത്യം ഉൽപാദിപ്പിച്ച ജനാധിപത്യ കീഴാളബോധ്യങ്ങളെയാണ് ഖസാക്ക് കീഴ്മേൽ മറിച്ചത്. കെഇഎൻ വിശദമാക്കി.
ഒ.വി. വിജയൻ്റെ ‘ഖസാക്കിൻ്റെ ഇതിഹാസത്തിൻ്റെ 50-ാം വർഷത്തിൽ ബാംഗ്ലൂര്‍ പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച സാഹിത്യ അവലോകനത്തിൽ
‘ഖസാക്ക് – കാലവും കല്പനയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കെഇഎൻ.
പരിപാടിയിൽ ശാന്തകുമാര്‍ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. അന്തരിച്ച സാംസ്കാരിക പ്രവർത്തകൻ
വി.എൻ.എസ്. കാലടിയെ സുദേവൻ പുത്തന്‍ചിറ അനുസ്മരിച്ചു.
ഡെന്നീസ് പോൾ, ആർ വി ആചാരി, പ്രോവിൻ്റ്, കെ.ആർ. കിഷോർ, ടി.എം. ശ്രീധരൻ, തങ്കച്ചൻ പന്തളം, എ. ഗോപിനാഥ്, വല്ലപ്പുഴ ചന്ദ്രശേഖരൻ, ഖാദർ മൊയ്തീൻ, സി.ഡി. തോമസ്, ഡോ. രാജൻ, ചന്ദ്രശേഖരൻനായർ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശ്വേത സുരേഷ്, രമാ പ്രസന്ന പിഷാരടി,
എന്നിവര്‍ കാവ്യാലാപനം നടത്തി. ഐബിൻ കട്ടപ്പന സ്വാഗതവും പി.വി.എൻ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.