നാട്ടുകാർക്കിടയിൽ തുണി പറിച്ച് പ്രതിഷേധിച്ച അലൻസിയറുടെ തുണിയുരിയുന്ന വാർത്തകൾ പുറത്ത്;അലൻസിയറിൽ നിന്ന് നിരവധി തവണ അതിക്രമം നേരിട്ട നടി ഫേസ് ബുക്ക് ലൈവിൽ;

കൊച്ചി: നടൻ അലൻസിയറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച നടി താനാണെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. താൻ മാതാപിതാക്കളോട് സംസാരിച്ചുവെന്നും അവർ തന്റെ പിന്നിൽ ഉറച്ചുനിൽക്കുമെന്നും ദിവ്യ പറഞ്ഞു. അജ്ഞാതയായിരിക്കുന്നത് അവസാനിപ്പിക്കാൻ സമയമായെന്നും അവർ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.

അലൻസിയർക്കൊപ്പം ഒരു ചിത്രത്തിൽ മാത്രമാണ് ദിവ്യ ഗോപിനാഥ് അഭിനയിച്ചത്. അത് ദിവ്യയുടെ നാലാമത്തെ ചിത്രമായിരുന്നു. എന്നാൽ, പേരു പറയാതെയുള്ള ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നതോടെയാണ് ദിവ്യ ഫേസ്‌ബുക്ക് ലൈവിലെത്തിയത്. ഇന്ത്യ പ്രൊട്ടസ്റ്റസ് സൈറ്റിലേക്ക് കത്തെഴുതിയത് താനാണെന്നും ദിവ്യ പറഞ്ഞു.

ഒരുപെൺകുട്ടി അവൾക്കുണ്ടായ അനുഭവം ഒരുതെറ്റും കൂടാതെ, അവൾ എഴുതി ലോകത്തെ അറിയിക്കാൻ ശ്രമിക്കുമ്പോൾ, അനോണിമസായിട്ട് എഴുതി എന്ന് കുറ്റപ്പെടുത്തുന്നവരോട് ചോദിക്കാനുള്ളത് അനോണിമസല്ലാതെ എഴുതിയാൽ എന്താണ് നിങ്ങൾ അവർക്ക് കൊടുക്കാൻ പോകുന്നത്? നിങ്ങൾ പോസിറ്റീവായിട്ട് എന്തെങ്കിലും ശക്തി അവൾക്ക് കൊടുക്കുമോ? ഇല്ല. സ്വന്തമായി തിരഞ്ഞെടുത്ത ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ തരണം ചെയ്‌തെങ്കിലും അത് പറയേണ്ടി വരികയാണ്. അതിന് പല കാരണങ്ങളുമുണ്ടാകും പറയണമെന്ന് തോന്നാനായിട്ട്. അങ്ങനെ പേരുവയ്ക്കാതെ എഴുതുമ്പോൾ, ഉണ്ടാക്കി എഴുതിയതാണെന്നും ഇവളൊക്കെ വെറുതെ പറയുന്നതാണെന്നും ചീത്ത വിളിച്ച് ആക്ഷേപിക്കുന്ന ചേട്ടന്മാരെ ഇതൊക്കെ കേൾക്കുമ്പോൾ ഭയങ്കര വിഷമമാണ്. ഇത്രേം കഷ്ടപ്പെട്ട് സിനിമയിൽ നിൽക്കുന്നതിന് എന്തിനാണ് എന്ന് ചോദിച്ചാൽ ചെറുപ്പം മുതലേ നാടകവുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ അഭിനയത്തോട് കമ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് എംകോം ബിരുദധാരിയായ ഞാൻ ഈ മേഖല തിരഞ്ഞെടുത്തത്.

അതേസമയം, എനിക്ക് ഈ ദുരനുഭവമുണ്ടായപ്പോൾ സെറ്റിൽ എനിക്കൊപ്പം നിൽക്കാൻ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടായിരുന്നു. എഫ്ബിയിൽ വന്നിട്ട് പൂരത്തെറി വിളിക്കുന്ന നീയതിന് നിന്നുകൊടുത്തിട്ടല്ലേ, സുഖിച്ചിട്ട് വെളിപ്പെടുത്തുകയല്ലേ എന്നാക്ഷേപിക്കുന്നവരോട് പറയാനുള്ളത് നിന്നുകൊടുത്തിട്ടില്ല എന്ന ധൈര്യത്തിലാണ് സംസാരിക്കുന്നത്, ഞാൻ അതെഴുതിയത്. എഴുതേണ്ട ആവശ്യം വന്നത് ഇപ്പോഴാണ് ..കാരണം അലൻസിയർ മറ്റൊരു സെറ്റിൽ പോയിട്ട് ഞാൻ സൂചിപ്പിച്ച സിനിമയിലെ പെൺകുട്ടികളെ യൂസ് ചെയ്യുകയായിരുന്നുവെന്ന സന്തോഷത്തിൽ പറഞ്ഞുനടന്നിട്ട്, അതിൽ ഒരാൾ വന്ന് ആഭാസം എന്ന സിനിമയുടെ ഡയറക്ടറുമായി ഇതുപങ്കുവച്ചു. അവിടെ വളരെ പൊളിയായിരുന്നു എന്നാണല്ലോ കേട്ടത്, അലൻസിയറേട്ടൻ പൊളിച്ചു..പെൺകുട്ടികളൊക്കെ പുള്ളിയുടെ കൂടെയായിരുന്നുവെന്നാണല്ലോ കേട്ടതെന്ന് പറഞ്ഞു. ഇൻസൾട്ട് ചെയ്യപ്പെട്ടപ്പോൾ, ഞാൻ അദ്ദേഹത്തെ വിളിച്ച ചീത്ത വിളിക്കുകയും അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട്..ഞാൻ എന്റെ സിനിമാ ജീവിതത്തിൽ അറിയാതെ ഒരുതെറ്റുചെയ്തതാണ്. എന്നോട് ക്ഷമിക്കണം. ഏതുമെന്റൽ സ്‌റ്റേജിലാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല. ഞാൻ നിന്നെ ഒരുതരത്തിലും ഇൻസൾട്ട് ചെയ്തിട്ടില്ല..എന്നുപറഞ്ഞപ്പോൾ..വീണ്ടു പറയുന്നതിനെ വിശ്വസിച്ച ഒരാളാണ് ഞാൻ. പ്രായത്തിനെയും നടനെയും വിശ്വസിച്ച ആളാണ് ഞാൻ.

ദിവ്യ ഗോപിനാഥ് ഇന്നലെ ഇന്ത്യ പ്രൊട്ടസ്റ്റസിൽ എഴുതിയ കുറിപ്പ്:

താൻ തുടക്കക്കാരിയായ നടിയാണ്. അവിവാഹിതയാണ്. സ്വന്തം സ്വത്വവും കഴിവും തെളിയിക്കാൻ വേണ്ടി പ്രയത്നിക്കുന്ന സ്ത്രീയാണ്. ഇക്കാരണത്താലാണ് പേര് വെളിപ്പെടുത്താത്തതെന്ന് നടി ആമുഖമായി പറയുന്നു.

‘എന്റെ നാലാമത്തെ ചിത്രമായിരുന്നു അത്. അലൻസിയർക്കൊപ്പം ആദ്യത്തേതും. അത് അവസാനത്തേതായിരിക്കുമെന്നും എനിക്കുറപ്പാണ്. അദ്ദേഹത്തെ നേരിൽ കാണും വരെ കലാകാരനെന്ന നിലയിൽ വളരെ ബഹുമാനമുള്ള വ്യക്തിയായിരുന്നു. എന്നാൽ, നമ്മുടെ ചുറ്റും നടക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ പുരോഗമനപരവും, സ്വതന്ത്രവുമായ നിലപാടുകൾ ആ വഷളത്തരം മറച്ചുവയ്ക്കാനുള്ള മുഖംമൂടി മാത്രമാണെന്ന് എനിക്ക് മനസ്സിലായി.

ആദ്യസംഭവം ഊൺമേശയിൽ വച്ചായിരുന്നു. ഞങ്ങൾ മൂന്നുപേരുണ്ടായിരുന്നു. ഞാനും അലൻസിയറും ഒരുസഹനടനും. തന്നേക്കാൾ വലിയ ഒരുതാരം സ്ത്രീകളോട് പെരുമാറുന്നത് എങ്ങനെ എന്ന് വിവരിക്കുകയായിരുന്നു അലൻസിയർ. അതിനിടെ അദ്ദേഹം എന്റെ മാറിടത്തിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ഞാൻ ആകെ അസ്വസ്ഥയായി. എല്ലാവരോടും കൂടുതൽ അടുത്തിടപഴകാനും കാര്യങ്ങളെ ലാഘവത്തോടെ കാണാനുമൊക്കെ അദ്ദേഹം ഉപദേശിച്ചുകൊണ്ടിരുന്നു. ഞാൻ പ്രതികരിച്ചില്ല. എന്നാൽ, അയാൾക്കൊപ്പം ഞാൻ സുരക്ഷിതയല്ലെന്ന് എനിക്ക് തോന്നി.

രണ്ടാമത്തെ സംഭവം എന്നെ ഞെട്ടിപ്പിച്ചുകളഞ്ഞു. വേറൊരു നടിക്കൊപ്പം അയാൾ എന്റെ മുറിയിലേക്ക് ഇടിച്ചുകയറി. നമ്മുടെ ശരീരത്തെ അറിയണം, കലാകാരന്മാർ സ്വതന്ത്രരായിരിക്കുണം എന്നിങ്ങനെ പോയി സാരോപദേശം. നാടകപശ്ചാത്തലമുണ്ടായിട്ടും, ഞാൻ ഇത്ര ദുർബലയായി പോയതിന്റെ പേരിൽ എന്നെ കളിയാക്കി. അയാളെ പിടിച്ച് മുറിക്ക് പുറത്താക്കണമെന്നാണ് എനിക്ക് തോന്നിയത്. മറ്റൊരു നടി കൂടി മുറിയിലുളേളതുകൊണ്ടും, അയാളുടെ സീനിയോരിറ്റിയെ മാനിച്ചും ഞാൻ ഒന്നും ചെയ്തില്ല.

എന്റെ ആർത്തവസമയത്താണ് മൂന്നാമത്തെ സംഭവം. ക്ഷീണം മൂലം സംവിധായകന്റെ അനുമതിയോടെ ഞാൻ മുറിയിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ മുറിയുടെ പുറത്തുമുട്ടുകേട്ടു. ഡോർ ഹോളിലൂടെ നോക്കിയപ്പോൾ അലൻസിയറാണ്. ടെൻഷൻ അടിച്ചിട്ട് ഞാൻ അപ്പോൾ തന്നെ സംവിധായകനെ വിളിച്ച സഹായം തേടി. ആരെയെങ്കിലും അങ്ങോട്ട് അയയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയം തുടർച്ചയായി വാതിലിൽ മുട്ടുകയും, തൊഴിക്കുകയുമായിരുന്നു അയാൾ. അവസാനം ഞാൻ കതക് തുറന്നു. ചാടിയിറങ്ങി ഓടിയാലോ എന്ന് വിചാരിച്ചു.
ഈ സമയത്ത് ഡയറക്ടറുമായുള്ള ഫോൺകോൾ ഞാൻ ആക്ടീവായി തന്നെ വച്ചിരിക്കുകയായിരുന്നു. ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം അത് കേൾക്കണമെന്ന ഉദ്ദേശത്തോടെ. ഞാൻ കതക് തുറന്നയുടൻ, അലൻസിയർ മുറിയിൽ തള്ളിക്കയറി ലോക്ക് ചെയ്തു. അയാൾ നന്നായി മദ്യപിച്ചിരുന്നു. ഞാൻ ആകെ പേടിച്ച് ടെൻഷനടിച്ച് അവിടെ നിന്നു. അയാൾ എന്റെ കട്ടിലിരുന്നുകൊണ്ട് പഴയ സാരോപദേശം തുടർന്നു. നാടക ആർട്ടിസ്റ്റുകൾ എത്ര ശക്തരായിരിക്കണം എന്നും മറ്റും. പിന്നീട് കട്ടിലിൽ നിന്നെഴുന്നേറ്റ് എന്റെയടുത്തേക്ക് നടന്നുവന്നു. കടക്കുപുറത്ത് എന്നുപറയാനാവാതെ എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. അപ്പോഴാണ് ഡോർ ബെൽ അടിച്ചത്.

ഇത്തവണ അയാളാണ് ഞെട്ടിയത്. ഡോർ തുറന്നപ്പോൾ അസിസ്ററൻന്റ് ഡയറക്ടറെ കണ്ട് എനിക്ക് ആശ്വാസം തോന്നി. അടുത്ത ഷോട്ടിൽ അലൻസിയർ ഉണ്ടെന്നും എല്ലാവരും കാത്തിരിക്കുകയാണെന്നും പറഞ്ഞു. ആദ്യം തന്നെ അറിയിച്ചില്ലെന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും അലൻസിയറിന് പോകേണ്ടി വന്നു.

നാലാമത്തെ സംഭവം ഒരുപൊതുസുഹൃത്ത് ഊണിന് വിളിച്ചപ്പോഴായിരുന്നു. ടേബിളിൽ ഉണ്ടായിരുന്ന അലൻസിയർ മീൻ കറിയാണ് ഓർഡർ ചെയ്തത്. മീൻ കറിയിൽ നിന്ന് ഓരോ കഷണവും എടുത്ത് കഴിച്ച് വിരൽ നക്കിക്കൊണ്ട് അയാൾ മീനിനെയും സ്ത്രീയുടെ ശരീരത്തെയും തമ്മിൽ താരതമ്യപ്പെടുത്തുകയായിരുന്നു. ഈ സമയത്തെല്ലാം അയാൾ എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഞാനും സുഹൃത്തും വളരെ വേഗം ടേബിളിൽ നിന്ന് എഴുന്നേറ്റുപോയി. അതേദിവസം തന്നെ, ഷൂട്ട് നടക്കുന്നതിനിടെ, അയാൾ എന്നെയും സെറ്റിലുണ്ടായിരുന്ന മറ്റുപെൺകുട്ടികളെയും തുറിച്ചുനോക്കുകയും, മുഖം കൊണ്ട് വൃത്തികെട്ട ഗോഷ്ടികൾ കാണിക്കുകയും ചെയ്തു. അന്ന വൈകിട്ട് ഒരുപാർട്ടിയുണ്ടായിരുന്നു. സ്ത്രീകളുടെ അടുത്തുപോയി അവരുടെ ശരീരത്തെ കുറിച്ചും സെക്സുമൊക്കെ സംസാരിക്കുന്നത് കണ്ടു. എന്റെ അടുത്തുവരാൻ ശ്രമിച്ചപ്പോഴൊക്കെ അയാളെ ഞാൻ ഒഴിവാക്കി. തന്നെ ചെറുക്കുന്ന സ്ത്രീകളെയൊക്കെ അയാൾ അപമാനിക്കുന്നതും കാണാമായിരുന്നു.

മറ്റൊരു ദിവസം രാത്രി വൈകി ഷൂട്ടിങ് കഴിഞ്ഞ് റൂമിൽ ഞാൻ ഉറങ്ങുകയായിരുന്നു. എന്റെ കൂട്ടുകാരിയും അന്ന് റൂമിലുണ്ടായിരുന്നു. അപ്പോഴാണ് ബെല്ലടിച്ചത്. അവൾ പോയി വാതിൽ തുറന്നപ്പോൾ അലൻസിയറാണ്. രാവിലെ 6 മണിയായി കാണും. അൽപസമയം അവർ തമ്മിൽ സംസാരിച്ച ശേഷം അയാൾ പോയി. ഉറക്കം പോയതുകൊണ്ട് എന്റെ കൂട്ടുകാരി ഉടൻ കുളിക്കാൻ വേണ്ടി ബാത്ത്റൂമിൽ പോയി. എന്നാൽ റൂം ലോക്ക് ചെയ്യാൻ മറന്നുപോയി. പെട്ടെന്ന് അലൻസിയർ മുറിയിലേക്ക് കയറി വന്ന് ബെഡ്ഷീറ്റിൽ എന്റെ പിന്നിലായി വന്നുകിടന്നു. എന്നിട്ട് നീ ഉറക്കമാണോയെന്ന് ചോദിച്ചു. ഞാൻ ചാടിയെണീറ്റപ്പോൾ, എന്റെ കൈയിൽ പിടിച്ച് കുറച്ചുനേരം കൂടി കിടക്കാൻ പറഞ്ഞു. ഞാൻ ഉറക്കെ അലറിവളിച്ചു. ബാത്ത്റൂമിലായിരുന്ന കൂട്ടുകാരിയും ഇത് കേട്ട് എന്താണവിടെ സംഭവിക്കുന്നതെന്ന് വിളിച്ചുചോദിച്ചു. താൻ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ ്അലൻസിയർ ഉടൻ സ്ഥലം കാലിയാക്കി. സംഭവം അറിഞ്ഞപ്പോൾ, അവളും ഞെട്ടിപ്പോയി. അവൾ അലൻസിയറെ വിളിച്ചുചോദിച്ചെങ്കിലും അയാൾ വെറുതെ ഒഴിഞ്ഞുമാറിക്കളിച്ചു.

ഈ ദുരനുഭവത്തിൽ ഞങ്ങൾ പരാതി പറഞ്ഞപ്പോൾ സംവിധായകൻ അലൻസിയറിനെ ചോദ്യം ചെയ്തു. ആദ്യചിത്രമെടുക്കുന്ന സംവിധായകന്റെ ചോദ്യം ചെയ്യൽ അലൻസിയറിന് ഇഷ്ടപ്പെട്ടില്ല. തുടർന്ന് സെററിൽ മോശമായി പെരുമാറിക്കൊണ്ടായിരുന്നു അയാളുടെ പ്രതികാരം. ഷോട്ടുകൾ തെറ്റിക്കുക കണ്ടിന്യൂറ്റി തെറ്റിക്കുക, മദ്യപിച്ചുകൊണ്ട് സെറ്റിൽ വരിക, സഹനടന്മാരെ പരിഹസിക്കുക ഇങ്ങനെ പോയി വിക്രിയകൾ. ഈ ചിത്രത്തിലും, മറ്റു ചിത്രങ്ങളിലും അലൻസിയറിനൊപ്പം അഭിനയിച്ച മറ്റുപല സ്ത്രീകൾക്കും ഇത്തരം ധാരാളം സംഭവങ്ങൾ പറയാനുണ്ട്. വളരെയധികം മാനസികസംഘർഷത്തിന് ശേഷമാണ് ഞാൻ ഇതുകുറിക്കുന്നത്. എന്നെ പോലെ ദുരനുഭവമുണ്ടായ മറ്റുസ്ത്രീകൾക്കും ഇതുപോലെ കുറിക്കാൻ സമയം വേണ്ടി വരും.’

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us