ബെംഗളൂരു: നഗരത്തിൽ മാലപൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. രണ്ടാഴ്ചയ്ക്കിടെ ഒട്ടേറെ കേസുകളാണ് നഗരത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ റിപ്പോർട്ട്‌ചെയ്തിരിക്കുന്നത്. അന്തർസംസ്ഥാന മാലമോഷണ സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഈ സംഘത്തിലെ ഒട്ടേറെപ്പേരെ ഇതിനോടകം പിടികൂടിയിട്ടുണ്ടെങ്കിലും മാലപൊട്ടിക്കുന്ന കേസുകൾ വർധിച്ചുവരുന്നത് പോലീസിനെയും കുഴയ്ക്കുകയാണ്.
കഴിഞ്ഞദിവസം എം.ജി. റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ച മാലമോഷ്ടാവിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. യുവതിയുടെ കഴുത്തിൽനിന്ന് മാലപൊട്ടിച്ച് ഓടുന്നതിനിടെ രണ്ടു പോലീസുകാരുൾപ്പെടെ നാലുപേരെയാണ് മോഷ്ടാവ് പരിക്കേൽപ്പിച്ചത്. മൂന്നൂമാസംമുമ്പ് ജയിൽമോചിതനായ കുറ്റവാളിയാണ് ഇതെന്ന് പോലീസ് പിന്നീട് അറിയിച്ചു. ലഹരിക്ക് അടിമയായ ഇയാളെ മാലമോഷണക്കേസിൽ തന്നെയാണ് മുമ്പും ശിക്ഷിച്ചിരുന്നത്.
രാജ്യം മുഴുവൻ വേരുകളുള്ള സംഘമാണ് നഗരത്തിലെ മാലമോഷണങ്ങൾക്കു പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇറാനി സംഘമെന്നും ബവാരിയ സംഘമെന്നും അറിയപ്പെടുന്ന ഇവർ, സംഘടിതമായി ആസൂത്രണം ചെയ്താണ് ഓരോ മോഷണവും നടത്തുന്നത്. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇറാനി സംഘത്തിന് വലിയ സ്വാധീനമുള്ളത്. കർണാടകയിലെ ബീദർ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഉത്തർ പ്രദേശിലെ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ പേരാണ് ബവാരിയ. നഗരത്തിലെ ഭൂരിഭാഗം ബൈക്ക് മോഷണം ആസൂത്രണം ചെയ്യുന്നതും ഇവരാണ്.
ഒരിടത്തുനിന്ന് മാലമോഷ്ടിച്ച് അതിവേഗം മറ്റുസംഘാംഗങ്ങളിലൂടെ കൈമാറി ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പോലീസ് പിടികൂടിയാൽ ജാമ്യത്തിലിറക്കാൻ ഇവരുടെസംഘം വക്കീലിനെയും ഏർപ്പാടുചെയ്യും. ആവശ്യമെങ്കിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇവരിൽ ഭൂരിഭാഗത്തിനും പരിശീലനം കിട്ടിയിട്ടുണ്ട്. കുറ്റവാസനയുള്ള ആളുകളെ കണ്ടെത്തി സംഘത്തിൽ ചേർക്കുകയാണ് ഇവർ ചെയ്യുന്നത്. മാല പൊട്ടിക്കുന്നതിന് പരിശീലനവും നൽകും.
കഴിഞ്ഞവർഷം നഗരത്തിൽനിന്നു പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. തുടർന്ന് നവംബർ, ഡിംസംബർ മാസങ്ങളിൽ പോലീസ് നഗരത്തിൽ പട്രോളിങ് കർശനമാക്കിയതോടെ ഇവർ താത്‌കാലികമായി പിൻവാങ്ങുകയായിരുന്നു.
ഔട്ടർ റിങ് റോഡ്, നൈസ് റോഡ് എന്നിവിടങ്ങളാണ് കഴിഞ്ഞവർഷം മാലപൊട്ടിക്കൽ കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ. ഒരിടവേളയ്ക്കുശേഷം മാലപൊട്ടിക്കൽ സംഘങ്ങൾ വീണ്ടും സജീവമായത് നഗരവാസികളെ ഏറെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.