തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പടര്‍ത്തുകയും നിരവധി പേരുടെ ജീവന് അപഹരിക്കുകയും ചെയ്ത നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര സംഘം കേരളത്തില്‍.
കേന്ദ്ര മൃഗസംരക്ഷക വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ എത്തുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
പന്തിരിക്കരയില്‍ നിപാ ആദ്യം റിപ്പോര്‍ട്ട് ചെയ്തയാളിലേക്ക് വൈറസ് എത്തിയതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളാണ് വിദഗ്ധര്‍ അന്വേഷിക്കുന്നത്. ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായവും ഇവര്‍ തേടിയിട്ടുണ്ട്.
രോഗം ആദ്യം കണ്ടെത്തിയ വ്യക്തി നടത്തിയ യാത്രകളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനായി സംഘം സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
നിപാ വവ്വാലുകളിലൂടെയാണ് പടരുന്നതെന്ന നിഗമനത്തില്‍ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
17 പേരുടെ മരണത്തിന് കാരണമായ നിപാ ഇന്ത്യയുടെ മുഴുവന്‍ പഴവര്‍ഗങ്ങളുടെ വ്യാപാരത്തെ കാര്യമായി തന്നെ ബാധിച്ചു. 200 കോടിയിലേറെ രൂപയുടെ നഷ്ടമാണ് മലബാറില്‍ മാത്രം ഇത് മൂലം സംഭവിച്ചത്.
കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നിപാ വൈറസ് പടര്‍ന്നുപിടിച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പരിശോധനകള്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്ര സംഘമെത്തുന്നത്.