- വിനോദ വ്യവസായത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഫുട്ബോളിന് കൂടുതൽ പ്രചാരം നൽകാൻ പത്തു ബില്യൺ യുഎസ് ഡോളർ സംരംഭമായ ഇൻഡിവുഡ്
- വ്യാഴാഴ്‌ച രാത്രി 8:30-ന് നടക്കുന്ന റഷ്യ-സൗദി അറേബ്യ ഉദ്‌ഘാടന മത്സരം ലൈവ് ആയി ഏരീസ് പ്ലെക്സിൽ പ്രദർശിപ്പിക്കും
- ഡോൾബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവാണ് പ്രധാന ആകർഷണങ്ങൾ
- സിനിമ പ്രദർശനത്തിന് തടസ്സം വരാത്ത രീതിയിലാണ് സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത്
തിരുവനന്തപുരം (14-06-2018): കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത. തലസ്ഥാനത്തെ മുൻനിര തീയേറ്ററായ ഏരീസ് പ്ലെക്സ് 21-ാം ലോകകപ്പ് ഫുട്ബോളിലെ സുപ്രധാന മത്സരങ്ങൾ ഡോൾബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവോടെ പ്രദർശിപ്പിക്കും. കേരളത്തിൽ ആദ്യമായാണ് ഒരു തീയേറ്റർ ഫുട്ബോൾ മത്സരങ്ങൾ ആഗോളനിലവാരത്തിൽ ലൈവ് ആയി കാണാൻ അവസരമൊരുക്കുന്നത്.
വ്യാഴാഴ്‌ച രാത്രി 8:30 ന് നടക്കുന്ന റഷ്യ-സൗദി അറേബ്യ ഉദ്‌ഘാടന മത്സരം ലൈവ് ആയി ഏരീസ് പ്ലെക്സിൽ പ്രദർശിപ്പിക്കും.
പ്രവാസി വ്യവസായിയായ സോഹൻ റോയ് നേതൃത്വം നൽകുന്ന പത്തു ബില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയായ ഇൻഡിവുഡാണ് ഈ സംരംഭത്തിന് മുൻകൈയെടുക്കുന്നത്. ഇന്ത്യൻ സിനിമയെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുകയാണ് ഇൻഡിവുഡിന്റെ ലക്ഷ്യം.
വിനോദ വ്യവസായത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഫുട്ബോളിന് കൂടുതൽ പ്രചാരം നൽകുകയാണ് ലക്ഷ്യമെന്ന് ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ ആയ സോഹൻ റോയ് പറഞ്ഞു. ഫുട്ബോളിനെ സ്നേഹിക്കുന്ന കേരളത്തിലെ ആരാധകർക്കുള്ള ഞങ്ങളുടെ സമ്മാനമാണ് ഇത്. ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങൾ ആസ്വദിക്കണമെങ്കിൽ അതെ നിലവാരത്തിൽ കാണണം. ലോകനിലവാരത്തിൽ മത്സരങ്ങൾ കാണാൻ കഴിയുന്ന സംവിധാനം നമ്മുടെ സംസ്ഥാനത്ത് കുറവാണ്. അത് കൊണ്ടാണ് ഡോൾബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവുള്ള ഏരീസ് പ്ലെക്സിലൂടെ മത്സരങ്ങൾ കാണിക്കുന്നത് അദ്ദേഹം പറഞ്ഞു. സിനിമയെ മാത്രം ആശ്രയിക്കാതെ നൂതനമായ വരുമാന മാർഗങ്ങൾ കണ്ടെത്താൻ തീയേറ്ററുകൾ കൂടുതൽ ശ്രദ്ധ പുലർത്തണം. പ്രമുഖ അന്താരാഷ്ട്ര കായിക മത്സരങ്ങൾ തീയേറ്റർ വഴി സംപ്രേക്ഷണം ചെയ്യുന്നത് വിനോദ വ്യവസായത്തിനും ഗുണം ചെയ്യും. മാത്രമല്ല ജിഎസ്റ്റിയിലൂടെ സംസ്ഥാന സർക്കാരിന് അധിക വരുമാനം ലഭിക്കുകയും ചെയ്യും. തീയേറ്റർ ടൂറിസം വരും കാലങ്ങളിൽ മികച്ച നേട്ടം തരുന്ന മേഖലയായി മാറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഓയും കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ പ്രദർശനത്തിന് തടസ്സം വരാത്ത രീതിയിലാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് ക്രമീകരിച്ചിരിക്കുന്നത്.