മന്ത്രിമാരുടെ വകുപ്പുകൾ ഇന്നു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു : മന്ത്രിമാരുടെ വകുപ്പുകൾ ഇന്നു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വരയും. മന്ത്രിമാരുമായി വിധാൻ സൗധയിൽ യോഗം ചേർന്ന ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വകുപ്പുകൾ വിഭജിക്കുന്നതു സംബന്ധിച്ച് കോൺഗ്രസിനും ജനതാദൾ എസിനും ഇടയ്ക്ക് ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ ഇരുവരും തള്ളി.

ഭിന്നതകൾക്ക് ഇടം കൊടുക്കാതെ ജനങ്ങളുടെ വിശ്വാസം ഉറപ്പിച്ച്, സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകുമെന്നു കുമാരസ്വാമി പറഞ്ഞു. സംശുദ്ധ ഭരണം കാഴ്ചവയ്ക്കാമെന്ന് ഉറപ്പുണ്ട്. സഖ്യ സർക്കാരിൽ തർക്കങ്ങൾ ഉടലെടുക്കുന്നതു സ്വാഭാവികമാണ്. അതിനാലാണ് മന്ത്രിസഭാ വികസനം അൽപം വൈകിയത്. എന്നാൽ ഈ സർക്കാർ കാലാവധി തികയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ രൂപീകരിക്കാൻ വൈകിയെങ്കിലും താനും പരമേശ്വരയും കർണാടകയുടെ കാലവർഷ ദുരിതങ്ങളിന്മേൽ സജീവമായി ഇടപെടുന്നുണ്ടായിരുന്നു. ബെംഗളൂരുവിലെ അപകടക്കുഴികൾ അടയ്ക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും കുമാരസ്വാമി പറഞ്ഞു. സഖ്യ സർക്കാരായതിനാൽ ഏതു കാര്യത്തിലും വിശദമായ ചർച്ചയിലൂടെയും അനുരഞ്ജനത്തിലൂടെയും മാത്രമേ തീരുമാനമെടുക്കാനാകൂ എന്നത് ജനം മനസ്സിലാക്കണമെന്ന് പരമേശ്വര പറഞ്ഞു. സൗഹൃദപരമായി മുന്നോട്ടുപോകുന്ന ജനപ്രിയ സർക്കാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us