മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് അതൃപ്തരായ പന്ത്രണ്ടോളം കോൺഗ്രസ് എംഎൽഎമാർ നഗരത്തിലെ ഒരു ഹോട്ടലിൽ യോഗം ചേര്‍ന്നു.

ബെംഗളൂരു : മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് അതൃപ്തരായ പന്ത്രണ്ടോളം കോൺഗ്രസ് എംഎൽഎമാർ നഗരത്തിലെ ഷാങ്ഗ്രിലാ ഹോട്ടലിൽ യോഗം ചേർന്നതായി സൂചന. ഇന്നലെ രാവിലെമുതൽ വിധാൻസൗധയ്ക്കു മുന്നിലും ക്വീൻസ് റോഡിലെ കർണാടക പിസിസി ആസ്ഥാനത്തിനു മുന്നിലും വിവിധ നേതാക്കളുടെ അനുയായികൾ പ്രതിഷേധവുമായി സജീവമായിരുന്നു.

ബെളഗാവി യമകൺമാറാടിയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ സതീഷ് ജാർക്കിഹോളി, കോൺഗ്രസ് പ്രാഥമികാംഗത്വം രാജിവച്ചേക്കുമെന്ന ഭീഷണിയാണു മുഴക്കുന്നത്. ഇദ്ദേഹത്തിന്റെ അനുയായികൾ ഇന്നലെ ബെളഗാവിയിൽ വഴിതടഞ്ഞു പ്രതിഷേധിച്ചു. അണികളുമായി ചർച്ച നടത്തിയശേഷം അടുത്ത നീക്കത്തെക്കുറിച്ചു തീരുമാനമെടുക്കുമെന്നും സതീഷ് ജാർക്കിഹോളി വ്യക്തമാക്കി.

കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയെ ഒഴിവാക്കിയതിൽ ദാവനഗെരെയിൽ അണികളുടെ പ്രതിഷേധം ശക്തമായി. അഖിലഭാരത വീരശൈവ മഹാസഭയുടെ പ്രസിഡന്റ് കൂടിയാണു ഷാമന്നൂർ. ബെംഗളൂരു – മൈസൂരു ഹൈവേയിൽ നരസിംഹരാജയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ തൻവീർ സേട്ടിന്റെ അനുയായികൾ വഴിതടഞ്ഞു.

മുൻ മുഖ്യമന്ത്രി ധരംസിങ്ങിന്റെ മകൻ അജയ് സിങ് മന്ത്രിസഭയിൽ ഇടംപിടിക്കാത്തതിനെ തുടർന്ന് അനുയായികൾ കലബുറഗിയിൽ പ്രതിഷേധിച്ചു. തന്റെ പേര് എന്തുകൊണ്ടാണ് ആദ്യഘട്ട വികസനത്തിൽ ഉൾപ്പെടാതിരുന്നതെന്ന് അറിയില്ലെന്ന് ലിംഗായത്ത് നേതാവ് എം.ബി.പാട്ടീൽ പറഞ്ഞു.

ലിംഗായത്ത് പ്രത്യേക ന്യൂനപക്ഷ മതരൂപീകരണ പ്രശ്നത്തിൽ, കോൺഗ്രസിനുള്ളിൽ ഈ വിഭാഗത്തിനുവേണ്ടി വാദിച്ച പ്രമുഖനാണ് എം.ബി.പാട്ടീൽ. കോൺഗ്രസ് പിന്തുണയോടെ കോലാറിലെ മുളബാഗിലുവിൽ വിജയിച്ച സ്വതന്ത്രൻ എച്ച്.നാഗേഷും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ദൾ – കോൺഗ്രസ് സഖ്യത്തിലെ ഏക സ്വതന്ത്രൻകൂടിയാണ് നാഗേഷ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us