ന്യൂഡൽഹി: തീവണ്ടിയിൽ നൽകുന്ന ഭക്ഷണത്തിന്‍റെ അളവുകുറച്ച് ഗുണമേന്മ കൂട്ടുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. കൂടിവരുന്ന ചെലവും പരാതികളും നേരിടാനാണ് ഈ നടപടിയെന്നും ഇതിനെക്കുറിച്ചുള്ള വിശദമായ നിർദേശങ്ങൾ റെയിൽവേ ബോർഡിന് അയച്ചിട്ടുണ്ടെന്നും ഐ.ആർ.സി.ടി.സി. അറിയിച്ചു.
ഊണിന്‍റെ അളവ് നിലവിലുള്ള 900 ഗ്രാമിൽനിന്ന് 700 ഗ്രാമാക്കാനാണ് പ്രധാന നിർദേശം. ശരാശരി ആഹാരക്രമപ്രകാരം 750 ഗ്രാം എന്ന കണക്ക് അടിസ്ഥാനപ്പെടുത്തിയാണിത്. അതുപോലെ 150 ഗ്രാം പരിപ്പുകറി ഇനിമുതല്‍ 100-120 ഗ്രാമാക്കും. മാത്രമല്ല, കോഴിക്കാല് ഒഴിവാക്കി എല്ലില്ലാത്ത കോഴിക്കറി, ഉണക്കിയ പച്ചക്കറി എന്നിങ്ങനെ വിഭവങ്ങളിൽ മാറ്റം വരും. വിമാനങ്ങളിലെപ്പോലെ ചെറുയാത്രകളിൽ വിഭവസമൃദ്ധമായ ഊണ് ഒഴിവാക്കി, കോംബോ മീൽസാക്കും.
പരിസ്ഥിതിസൗഹൃദമായ പൊതികളിലായിരിക്കും ഭക്ഷണം നൽകുക. അടുക്കളയുടെ ശുചിത്വം ഉറപ്പുവരുത്താൻ നിർമിതബുദ്ധി സംവിധാനമുപയോഗിച്ച് എപ്പോഴും നിരീക്ഷിക്കും. ഇതിനായി കാര്യക്ഷമതകൂടിയ ക്യാമറകൾ ഘടിപ്പിക്കും. ഐ.ആർ.സി.ടി.സി.യുടെ വോബോട്ട് എന്ന സോഫ്റ്റ്വേർ ഉപയോഗിച്ച് ഇവയെ നിയന്ത്രണകേന്ദ്രവുമായി ബന്ധിപ്പിക്കും.തീവണ്ടിയിലെ ഭക്ഷ്യവിഭവങ്ങൾ മോശമാണെന്ന സി.എ.ജി. റിപ്പോർട്ടും യാത്രക്കാരുടെ പരാതിയും മുൻനിർത്തിയാണ് ഈ പുതിയ പരിഷ്കാരങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.