ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അണികള്‍ക്ക് ആവേശം പകരാന്‍ സംസ്ഥാനത്തെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണം പാതിവഴിയിൽ അവസാനിപ്പിച്ചു മടങ്ങി.
അവിചാരിതമായി ഉണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം യുപിയിൽ 73 പേർ മരിച്ച സാഹചര്യത്തിലാണ് ആദിത്യനാഥിന്റെ മടക്കം. കനത്ത മഴയിലും പൊടിക്കാറ്റിലുംപെട്ട് ആഗ്രയില്‍ 43 പേരാണ് മരിച്ചത്. കൂടാതെ ശനിയാഴ്ച അദ്ദേഹം കാണ്‍പൂരിൽ സന്ദർശനം നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് വരെയാണ് കർണാടകയിൽ ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനം വൻ ദുരന്തം നേരിടുമ്പോള്‍ കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആദിത്യനാഥിനെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് യുപിയിൽ ആദിത്യനാഥിനെ തെരഞ്ഞെടുത്തതെന്നും ഈ സാഹചര്യത്തിൽപോലും ജനങ്ങൾക്കൊപ്പം നിൽക്കാൻ താത്പര്യമില്ലെങ്കിൽ കർണാടകയിൽ മഠം സ്ഥാപിച്ച് അവിടെ അദ്ദേഹം കഴിയുന്നതാണ് ഉചിതമെന്നും അഖിലേഷ് പരിഹസിച്ചു.
കൂടാതെ യോഗിയെ പരിഹസിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സിദ്ധരാമയ്യ ഇത് ആയുധമാക്കി. ഇതോടെ ആദിത്യനാഥ് മടങ്ങാൻ നിർബന്ധിതനാവുകയായിരുന്നെന്നാണു റിപ്പോർട്ടുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.