ബംഗളൂരു: അഴിമതി കേസിലെ പ്രതികളും വിവാദ ഖനി ഉടമകളുമായ ബല്ലാരിയിലെ റെഡ്ഡി സഹോദരൻമാർക്ക് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അനുമതിയോടെയെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദ്യൂരപ്പ.
ഖനി അഴിമതിയിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജനാർദൻ റെഡ്ഡി മത്സരിക്കേണ്ടെന്നു മാത്രമാണ് അമിത് ഷാ നിർദേശിച്ചതെന്നും ഇദ്ദേഹത്തിന്റെ സഹോദരൻമാരായ കരുണാകർ റെഡ്ഡിക്കും സോമശേഖർ റെഡ്ഡിക്കും സീറ്റ് നൽകുന്നതിൽ അമിത് ഷായ്ക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
റെഡ്ഡി സഹോദരൻമാർക്കു സീറ്റു നൽകിയതിന്റെ പേരിൽ ബിജെപിക്കുനേരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാകുമ്പോഴാണ് യെദ്യൂരപ്പയുടെ ഈ വെളിപ്പെടുത്തല്‍. അഴിമതി കേസിലെ മുഖ്യ ആരോപിയായ ജനാര്‍ദ്ദന റെഡ്ഡി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് വിജയത്തിനായി പാര്‍ട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ സഹായത്തോടെ ബല്ലാരി മാത്രമല്ല സമീപത്തുള്ള 15 ജില്ലകള്‍കൂടി പാര്‍ട്ടിയ്ക്ക് ജയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെ ലക്ഷ്യമായ 150 സീറ്റ് നേടുക എന്നത് റെഡ്ഡി സഹോദരന്മാരുടെ സഹായത്തോടെ പ്രവര്‍ത്തികമാവുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
അഴിമതിയോടു വിട്ടുവീഴ്ചയില്ല എന്ന് മോദി സർക്കാർ ആവർത്തിക്കുമ്പോഴാണ്, കർണാടകയിൽ ബിജെപി റെഡ്ഡി സഹോദരൻമാർക്കു സീറ്റു നൽകുന്നത്.
സംസ്ഥാനത്ത് ബിജെപിയ്ക്ക് ശക്തരായ നേതാക്കള്‍ ഇല്ലാത്തതിനാലാണ് ദേശീയ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് എത്തുന്നത് എന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പരിഹസിച്ചിരുന്നു. അതിന് മറുപടിയായി, തിരക്കിനിടയിലും പ്രധാനമന്ത്രി കര്‍ണാടക തെരഞ്ഞെടുപ്പിനുവേണ്ടി സമയം നീക്കി വയ്ക്കുന്നത് “കോണ്‍ഗ്രസ് മുക്ത ഭാരതം” സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് എന്ന് യെദ്യൂരപ്പ മറുപടി നല്കി.
തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് പ്രചാരണരംഗവും ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്നു പാര്‍ട്ടികളും ശക്തമായ നിലയില്‍ പ്രചാരണം നടത്തുന്നുണ്ട് എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് വാസ്തവം തന്നെ.
തെരഞ്ഞെടുപ്പിന് വെറും 9 ദിവസം മാത്രം ശേഷിക്കെ മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വരവ് പ്രചാരണ രംഗത്ത് ഇരുപാര്‍ട്ടികള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്തായാലും ഇരു നേതാക്കളുടെയും വരവ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.