ബെംഗളൂരു : വിവാദ ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജി.ജനാർദന റെഡ്ഡി ബിജെപി സ്ഥാനാർഥിക്കായി പ്രചാരണരംഗത്ത്. ചിത്രദുർഗയിലെ മുളകാൽമുരു മണ്ഡലത്തിൽ മൽസരിക്കുന്ന തന്റെ വിശ്വസ്തൻ ബി.ശ്രീരാമുലുവിനു വേണ്ടിയാണ് ജനാർദനറെഡ്ഡി ഇറങ്ങിയത്. അനധികൃത ഖനനക്കേസിൽ ജയിൽശിക്ഷ ലഭിച്ച റെഡ്ഡിയെ ബിജെപി അകറ്റി നിർത്തിയിരിക്കുകയാണ്.
റെഡ്ഡിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നു ദേശീയാധ്യക്ഷൻ അമിത്ഷായും വ്യക്തമാക്കിയിരുന്നു. എന്നാൽ തന്നെക്കുറിച്ച് ഷാ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ബിജെപിയോടുള്ള സ്നേഹം രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്നും തുമകൂരുവിലെ സിദ്ധഗംഗാ മഠം സന്ദർശിച്ച ശേഷം റെഡ്ഡി പറഞ്ഞു. സ്വദേശമായ ബെള്ളാരിയിൽ പ്രവേശിക്കുന്നതിനു വിലക്കുള്ളതിനാൽ ചിത്രദുർഗയിലെ രാംപുരയിൽ തങ്ങിയാണ് ശ്രീരാമുലുവിനു വേണ്ടി പ്രചാരണം നടത്തുക.
സംസ്ഥാനത്ത് ബിജെപിക്ക് അനുകൂല സാഹചര്യമാണുള്ളതെന്നും യെഡിയൂരപ്പ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ജനാർദനറെഡ്ഡി പറഞ്ഞു. ബെള്ളാരി എംപിയായ ശ്രീരാമുലുവിനു ജില്ലവിട്ട് മുളകാൽമുരുവിൽ മൽസരിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാണ്. ഇവിടെ സീറ്റ് കിട്ടാത്ത ബിജെപിയുടെ സിറ്റിങ് എംഎൽഎ തിപ്പസ്വാമി ശ്രീരാമുലുവിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീരാമുലുവിനെ സഹായിക്കാനെത്തിയ ജനാർദൻ റെഡ്ഡി പാർട്ടിയിലെ മറ്റു സ്ഥാനാർഥികൾക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങിയേക്കും. റെഡ്ഡിയെ അകറ്റി നിർത്തിയെങ്കിലും ബിജെപി അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സോമശേഖരറെഡ്ഡിക്ക് ബെള്ളാരി സിറ്റിയിൽ നിന്നു സീറ്റ് നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.