ബെംഗളൂരു : നഗരത്തില്‍ നടക്കുന്ന ഐപിഎൽ മൽസരങ്ങൾ മാലിന്യരഹിതമാക്കാനുള്ള നടപടികളുമായി ബെംഗളൂരു മഹാനഗരസഭ. 13നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പഞ്ചാബുമായാണ് റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ ഹോം മാച്ച്. മൽസരം നടക്കുന്ന ദിവസം സ്റ്റേഡിയം പരിസരത്ത് പ്ലാസ്റ്റിക് കവറുകളും മറ്റും ചിതറിക്കിടക്കാതിരിക്കാൻ നടപടി സ്വീകരിക്കും. സ്റ്റേഡിയം പരിസരവും സമീപത്തെ റോഡുകളും ശുചിയായി സൂക്ഷിക്കാൻ സ്വീപിങ് യന്ത്രം ഉപയോഗിക്കും.
ഇവിടെ വഴിയോര കച്ചവടം നടത്തുന്നവരോട് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ഭക്ഷണ സ്റ്റാളുകൾ നടത്തുന്നവരോട് പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം കടലാസ്, ഇല, അടയ്ക്കാമരത്തിന്റെ പാള എന്നിവ കൊണ്ടുള്ള പാത്രങ്ങൾ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കളി കാണാനെത്തുന്നവർക്കു മാലിന്യം ഇടാനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം മാലിന്യവീപ്പകളും സ്ഥാപിക്കും.