മുംബൈ: സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ കര്‍ഷക ജാഥയ്ക്ക് സമാപനം കുറിച്ചുകൊണ്ട് ഇന്ന് നിയമസഭാ മാര്‍ച്ച്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുപ്പതിനായിരത്തോളം കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട ജാഥ മുംബൈയിലെത്തിയിരിയ്ക്കുകയാണ്.
ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണു കര്‍ഷകരുടെ തീരുമാനം. ഇതേ തുടര്‍ന്ന് ഈ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാന്‍ അനുവദിക്കാതെ ആസാദ് മൈതാനിനു സമീപം തടയാനാണു പൊലീസിന്‍റെ നീക്കം.
അതേസമയം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിയ്ക്കുകയാണ്. സമാധാന ചര്‍ച്ചകളുടെ ഭാഗമായി നേരത്തെ, മന്ത്രി ഗരീഷ് മഹാജനെ സര്‍ക്കാര്‍ പ്രതിനിധിയായി അയച്ചിരുന്നു. അതിനു പിന്നാലെയാണ് ഫഡ്‌നാവിസ് ഉദ്യോഗസ്ഥ തല യോഗം വിളിച്ചത്.
ആറു ദിവസം മുന്‍പ് വെറും 12,000 ആളുകളുമായി ആരംഭിച്ച റാലി ഇപ്പോള്‍ അര ലക്ഷം കവിഞ്ഞിരിയ്ക്കുകയാണ്. പ്രായവും രോഗവുമൊന്നും കിലോമീറ്ററുകള്‍ നടക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കൈക്കുഞ്ഞുങ്ങളുമായും നഗ്‌നപാദരായും വരെ ആളുകള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
റാലിയെ പിന്തുണച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനയും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പുറമേ ആയിരക്കണക്കിന് ആദിവാസികളും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ വനാവകാശനിയമം നടപ്പിലാക്കണമെന്ന മുദ്രാവാക്യവുമായി അണിനിരക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ പതിനൊന്നിനായിരിക്കും നിയമസഭാ മന്ദിരത്തിലേക്കുള്ള പ്രതിഷേധ ജാഥ ആരംഭിക്കുക. ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് 11നു സമരം ആരംഭിക്കുന്നതെന്നു കിസാന്‍ സഭ അറിയിച്ചു.
അതേസമയം പദയാത്ര താനെയിൽ എത്തിയപ്പോള്‍ ശിവസേനക്കാരനായ പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിന്‍ഡെ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനക്കുള്ള അതൃപ്തി കൂടി വ്യക്തമാക്കുന്നതാണ് കര്‍ഷകപ്രക്ഷോഭത്തിന് ശിവസേന നല്‍കുന്ന പിന്തുണ. അതുകൂടാതെ രാജ് താക്കറെയുടെ അനുയായി അഭിജിത് ജാധവും കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കര്‍ഷക ജാഥയോടനുബന്ധിച്ച് റോഡ് അടച്ചിടുകയോ വ്യതിയാനം വരുത്തുകയോ ചെയ്യില്ലെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.