വടക്കൻ കർണാടകയിലെ ഓരോ ഗ്രാമത്തിലേക്കും ബിജെപി നിയോഗിക്കുന്ന റൈത്ത ബന്ധുക്കൾ (കർഷക മിത്രങ്ങൾ) വീടുവീടാന്തരം കയറിയിറങ്ങി ഒരുപിടി അരിയോ ചോളമോ ശേഖരിക്കും. കടബാധ്യതയുടെ പേരിൽ സ്വയം ജീവൻ അവസാനിപ്പിക്കില്ലെന്ന് ഓരോ കർഷകനേയും കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും.
12 മുതൽ 15വരെയാണ് ഈ വൈകാരിക പ്രചാരണം. ആറായിരം റൈത്ത ബന്ധുക്കളെയാണ് ഇതിനു നിയോഗിക്കുന്നത്. ഗ്രാമപഞ്ചായത്ത് തലത്തിൽ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്ന പ്രാദേശിക നേതാക്കളെ ഷാൾ അണിയിച്ച് സ്വീകരിക്കുമെന്നു ശോഭാ കരന്തലാജെ എംപി അറിയിച്ചു. ഇങ്ങനെ ഗ്രാമങ്ങളിൽ നിന്നു സ്വീകരിക്കുന്ന അരിയും ചോളവും ജില്ലാ തലത്തിൽ നടത്തുന്ന പ്രചാരണ പരിപാടികളിൽ പാകം ചെയ്തു കഴിക്കും.
സഹഭോജനത്തിൽ സംസ്ഥാന നേതാക്കളും പങ്കെടുക്കും. ഏതെങ്കിലും ഒരു ഗ്രാമത്തിൽ നടക്കുന്ന പ്രചാരണത്തിൽ യെഡിയൂരപ്പയും പങ്കെടുക്കുമെന്ന് ശോഭാ കരന്തലാജെ അറിയിച്ചു. ബെംഗളൂരുവിലെ മാലിന്യ, അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി നടത്തുന്ന ബെംഗളൂരു രക്ഷിസി പദയാത്ര ഇന്നലെ സി.വി. രാമൻ നഗറിൽ പര്യടനം നടത്തി.