മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്താനായി ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി) ക്ലീൻ ബെംഗളൂരു മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ശുചിത്വവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ എട്ടിനു ഹെബ്ബാൾ മേൽപാലത്തിൽ കെആർ പുരം ഭാഗത്തേക്കുള്ള പ്രവേശന കവാടത്തിൽ നടക്കും. മാർച്ച് മൂന്നുവരെയാണു ശുചിത്വവാരം.
ഖരമാലിന്യം, കെട്ടിട നിർമാണ അവശിഷ്ടങ്ങൾ, ഇലക്ട്രോണിക് മാലിന്യം(ഇ–വേസ്റ്റ്), മണൽ, ചെളി എന്നിവയെല്ലാം നീക്കം ചെയ്ത് നഗരത്തിനു പുതുമോടി നൽകാനാണു പദ്ധതി. എട്ടു ദിവസംകൊണ്ടു ബെംഗളൂരുവിലെ ചെറുതും വലുതുമായുള്ള ആയിരം കിലോമീറ്റർ റോഡുകൾക്കു പുറമെ മഴവെള്ള കനാലുകൾ, പാർക്കുകൾ, മേൽപാലങ്ങൾ, മൈതാനങ്ങൾ, തടാകപരിസരം തുടങ്ങിയവയും ശുചീകരിക്കും. ബഹുരാഷ്ട്ര കമ്പനികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർഥികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, പ്രഫഷനലുകൾ, വ്യാപാരികൾ, ഓട്ടോ–ടാക്സി ഡ്രൈവർമാർ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ബിബിഎംപി ആവശ്യപ്പെട്ടിട്ടുണ്ട്.
ശുചീകരണവാരം കാര്യക്ഷമമാക്കാൻ പുറത്തിറക്കിയ ക്ലീൻ ബെംഗളൂരു ആപ്പിനും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പിലൂടെ ജനങ്ങൾക്ക് അവരവരുടെ സമീപത്തു നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യങ്ങൾ സംബന്ധിച്ച വിവരം അധികൃതരെ അറിയിക്കാം. ഓരോവാർഡിലും ശുചീകരണ പ്രവർത്തനത്തിനു സന്നദ്ധരായവരുടെ വിവരങ്ങൾ, ലഭ്യമായ ഉപകരണങ്ങൾ തുടങ്ങിയ വിവരങ്ങളും ഇതുവഴി കൈമാറാം.
ശുചീകരണത്തിനുള്ള ഉപകരണങ്ങളും ഇവ നീക്കാനുള്ള ട്രക്കുകളും നൽകാൻ ദി കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ക്രെഡായ്) ഉൾപ്പെടെയുള്ള സംഘടനകളും കമ്പനികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ റോഡുകളെയും ക്ലീൻ ബെംഗളൂരുവിൽ ഉൾപ്പെടുത്തും. ഓരോസ്ഥലത്തെയും പ്രവർത്തനങ്ങൾക്ക് അതതു വാർഡിലെ ബിബിഎംപി എൻജിനീയർമാർ മേൽനോട്ടം വഹിക്കും. നഗരത്തിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങൾ ഇവർ ജിപിഎസ് സഹായത്തോടെ അടയാളപ്പെടുത്തിയിട്ടുണ്ട്.
ശുചീകരണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന കോൺക്രീറ്റ് മാലിന്യം ബെലന്തൂരിലെ പാറമടയിൽ നിക്ഷേപിക്കും. ദ്രവമാലിന്യം നഗരത്തിലെ വിവിധ കംപോസ്റ്റ് പ്ലാന്റുകളിൽ എത്തിച്ചു സംസ്കരിക്കും.അനധികൃതമായി മാലിന്യം തള്ളിയ വിജനമായ സ്ഥലങ്ങൾ ഉടമസ്ഥനു മുൻകയ്യെടുത്തും ശുചീകരിക്കാം. ബിൽ ഹാജരാക്കിയാൽ ഇതിനു ചെലവായ തുക ബിബിഎംപി നൽകും.
രണ്ടു ഷിഫ്റ്റിലായാണു ശുചീകരണം നടക്കുക; രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയും രാത്രി 11 മുതൽ പുലർച്ചെ ആറുവരെയും.