അധികം വൈകാതെ നമ്മ മെട്രോയുടെ ഒൻപതു സ്റ്റേഷനുകളിൽ കൂടി ഹൈടെക് സലൂണുകളെത്തും. മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞമുറികൾ വാടകയ്ക്കു നൽകി അധികവരുമാനം ഉണ്ടാക്കാനുള്ള ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) നീക്കമാണ് സലൂണിനു വഴിവച്ചത്. സലൂൺ, ഫിറ്റ്നസ് സെന്റർ, ടാറ്റു സ്റ്റുഡിയോ, കാൾ സെന്ററുകൾ, ബിപിഒ എന്നിവയ്ക്കായി ആറുമാസം മുൻപാണ് ടെൻഡർ ക്ഷണിച്ചത്.
ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള ‘സൂപ്പർ എക്സ്പ്രസ്’ ഗ്രൂപ്പാണ് സലൂൺ തുറക്കാൻ ബിഎംആർസിഎല്ലുമായി അഞ്ചു വർഷത്തേക്കു കരാർ വച്ചിരിക്കുന്നത്. ദിവസവും രാവിലെ ആറുമുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. ഹൈടെക് സംവിധാനങ്ങളുള്ള സലൂണിൽ മുടിവെട്ടാൻ 10 മിനിറ്റ് മതി. ഒരാൾ സലൂണിൽ പ്രവേശിച്ചാൽ പരമാവധി 15 മിനിറ്റിനുള്ളിൽ മുടിവെട്ടും വൃത്തിയാക്കലും കഴിഞ്ഞു പുറത്തിറങ്ങാമെന്നാണ് ജീവനക്കാരുടെ ഉറപ്പ്.
എംജി റോഡ്, ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി, മഹാലക്ഷ്മി ലേഔട്ട് മെട്രോ സ്റ്റേഷനുകളിലും സലൂൺ തുറക്കാൻ സൂപ്പർ എക്സ്പ്രസിനു കരാർ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ വിജയനഗർ, ജയനഗർ, മല്ലേശ്വരം, സൗത്ത്എൻഡ് സർക്കിൾ, യെലച്ചനഹള്ളി സലൂണുകൾ തുറന്നേക്കും.മറ്റു സലൂണുകളിൽനിന്നു വ്യത്യസ്തമായി വെള്ളത്തിനു പകരം വാക്വം ക്ലീനർ ഉപയോഗിച്ചാണ് തല വൃത്തിയാക്കുക. ഒരാളുടെ മുടിവെട്ടാൻ ഉപയോഗിക്കുന്ന ചീപ്പ് അയാൾക്കു സൗജന്യമായി നൽകുകയും ചെയ്യും. ശുചിത്വം നിലനിർത്തുന്നതിനു വേണ്ടിയാണിത്. ചരക്കുസേവന നികുതി ഉൾപ്പെടെ 250 രൂപയിൽ താഴെയാണ് മുടിവെട്ട് ചാർജെന്നാണ് സൂചന.