ബെംഗളൂരു: യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരു പ്രവേശനകവാടം കൂടി തുറന്നു. കനക്പുര റോഡിലേക്കുള്ള നമ്പർ ഡി കവാടമാണ് തുറന്നത്. ഇതോടെ തിരക്കേറിയ റോഡ് മുറിച്ച് കടക്കാതെ തന്നെ യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശിക്കാം. നാഗസന്ദ്ര മുതൽ യെലച്ചനഹള്ളി വരെയുള്ള ഗ്രീൻ ലൈനിലെ അവസാന സ്റ്റേഷനായ യെലച്ചനഹള്ളിയിലെ തിരക്ക് കുറയ്ക്കാനും പുതിയ കവാടം വന്നതിലൂടെ കഴിയും.
യെലച്ചനഹള്ളി മുതൽ അഞ്ജനപുര വരെ നീളുന്ന മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. 2019 പകുതിയോടെ ഈ റീച്ചിലും മെട്രോ വാണിജ്യ സർവീസ് ആരംഭിക്കും. മെട്രോ ഒന്നാംഘട്ടം പൂർത്തിയായതോടെ തിരക്കേറിയ സാഹചര്യത്തിൽ വിവിധ സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.