വരുമാനം നോക്കാതെ കർണാടകയിലെ 1.43 കോടി കുടുംബങ്ങളെയും യുഎച്ച്സി പദ്ധതിയിൽ ഉൾപ്പെടുത്തും. സർക്കാർ ആശുപത്രികളിൽ ചികിൽസാ ചെലവിനു പരിധിയുണ്ടാകില്ല. പദ്ധതി നടത്തിപ്പിനു പ്രതിവർഷം 1500 കോടി രൂപയാണ് സർക്കാർ കണക്കാക്കുന്ന ചെലവ്. പദ്ധതിയിൽ അംഗങ്ങളാകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും യുഎച്ച്സി കാർഡുകൾ നൽകുമെന്ന് ആരോഗ്യ കുടുംബക്ഷേമമന്ത്രി കെ.ആർ.രമേഷ്കുമാർ പറഞ്ഞു. പകരാത്ത രോഗങ്ങൾ ഉള്ളവർക്കു പ്രത്യേക കാർഡ് അനുവദിക്കും.
പദ്ധതി തുടക്കമിട്ട് ഒരുമാസത്തിനകം സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളെയും അംഗങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിൽ ഗ്രാമീണ വികസന വകുപ്പ്, പഞ്ചായത്ത് രാജ്, പ്രാദേശിക ഭരണകൂടങ്ങൾ, ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) തുടങ്ങിയവയെയും പങ്കാളികളാക്കും.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് ആവശ്യമെങ്കിൽ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റും. ഇവിടുത്തെ ചികിൽസാ ചിലവ് സുവർണ ആരോഗ്യ സുരക്ഷാ ട്രസ്റ്റ് (സാസ്ത്) പദ്ധതിയിൽപെടുത്തി സർക്കാർ സ്വകാര്യ ആശുപത്രികൾക്കു കൈമാറും.
അതേസമയം കേന്ദ്രസർക്കാർ വ്യക്തമായ കാഴ്ചപ്പാടില്ലാതെയാണ് ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചതെന്നു രമേഷ് കുമാർ ആരോപിച്ചു. ഒന്നാംഘട്ടത്തിൽ പത്തുകോടി കുടുംബങ്ങളെ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2000 കോടി രൂപ മതിയാകില്ല. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്ര പ്രഖ്യാപനമെന്നും മന്ത്രി ആരോപിച്ചു.