അഗ്നിസുരക്ഷാവകുപ്പിന്റെ എൻഒസി ലഭിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കാനും ആവശ്യപ്പെട്ടു ബെസ്കോമിനും ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) യ്ക്കും കത്തെഴുതുമെന്നും ഡിജിപി (ഫയർ ആൻഡ് സേഫ്റ്റി) എം.എൻ.റെഡ്ഡി പറഞ്ഞു.
മുംബൈയിൽ 14 പേരുടെ ജീവനെടുത്ത കമലാമിൽസ് പബ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഡിസംബർ അവസാനവാരം മുതലാണു ബെംഗളൂരുവിലെ പബ്ബുകളിലും ബാറുകളിലും സുരക്ഷാപരിശോധന തുടങ്ങിയത്. 15 മീറ്ററിൽ അധികം ഉയരത്തിലുള്ള പബ്ബുകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാണു പരിശോധന തുടരുന്നത്. തിപിടിത്തമുണ്ടായാൽ അഗ്നിശമനസേനയുടെ വാഹനങ്ങൾ കടന്നുവരാൻപോലും സൗകര്യം ഇല്ലാത്ത വിധത്തിലാണ് ഇവയിൽ പലതും പ്രവർത്തിക്കുന്നതെന്ന് അഗ്നിസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ മാസം ഇന്ദിരാനഗർ, കോറമംഗല, ജയനഗർ, ജെപിനഗർ, ബെന്നാർഘട്ടെ റോഡ്, ബൊമ്മനഹള്ളി എന്നിവിടങ്ങളിലെ പബ്ബുകളിൽ അഗ്നിസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ ഒട്ടേറെ ബാറുകളും റസ്റ്ററന്റുകളും എൻഒസി ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ നോട്ടിസ് നൽകിയ പബ്ബുകളിലും ഭക്ഷണശാലകളിലും രണ്ടാംഘട്ട പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം തറനിരപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയിട്ടില്ല. ഇത്തരം ഹോട്ടലുകളും പബ്ബുകളും പിന്തുടരേണ്ട സുരക്ഷാമാനദണ്ഡങ്ങൾ നടപ്പാക്കാൻ ബിബിഎംപി നിർദേശം നൽകി. ഇതു ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉദ്യോഗസ്ഥർക്കു നടപടി സ്വീകരിക്കാം.