രണ്ടാം ഭാഷ കന്നഡയോ ഹിന്ദിയോ ? കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തുറന്ന പോരിലേക്ക്..

ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ രണ്ടാംഭാഷയായെങ്കിലും പഠിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ സിബിഎസ്ഇ സ്കൂളുകൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഇതിനിടെ,  രണ്ടിലൊരു ഭാഷയായി കന്നഡ നിർബന്ധമാണെന്നും ഇതു ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ട് മുന്നറിയിപ്പു നൽകി. സിബിഎസ്ഇ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ കന്നഡ രണ്ടാംഭാഷയാക്കണമെന്നു സംസ്ഥാന സർക്കാരും ഹിന്ദി തന്നെ മതിയെന്നു കേന്ദ്രസർക്കാരും നിലപാട് സ്വീകരിച്ചത് ആശയക്കുഴപ്പത്തിനു കാരണമായിട്ടുണ്ട്.

ജൂണിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തേക്കുള്ള തയാറെടുപ്പിനെ ഇതു ബാധിക്കുമെന്നതിനാലാണ് വ്യക്തത തേടി ഹൈക്കോടതിയെ സമീപിക്കുന്നതെന്നു സിബിഎസ്ഇ സ്കൂൾസ് അസോസിയേഷൻ അറിയിച്ചു ബെംഗളൂരുവിൽ മാത്രം 150ൽ അധികം സിബിഎസ്ഇ സ്കൂളുകളുണ്ട്. ഹിന്ദിക്കു പകരം കന്നഡ പഠിപ്പിച്ചാൽ അതു കേന്ദ്രചട്ടത്തിനു വിരുദ്ധമാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.കന്നഡ പഠിപ്പിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെയും കന്നഡ അനുകൂല സംഘടനകളുടെയും രോഷത്തിന് ഇരയാകും. കന്നഡ പഠനത്തിന്റെ പേരിൽ രക്ഷിതാക്കളിലും ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്.

കർണാടകയിൽ താമസിക്കുന്നതിനാൽ കന്നഡ പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് ഒരു വിഭാഗവും കുട്ടികൾക്ക് ഇത് അധികഭാരമാകുമെന്നു മറുഭാഗവും വാദിക്കുന്നു. ഹിന്ദിയോ, കന്നഡയോ നിർബന്ധമാക്കുന്നതിനു പകരം രക്ഷിതാക്കളുടെ താൽപര്യം അനുസരിച്ചു മാതൃഭാഷ പഠിപ്പിക്കുകയാണ് ഉചിതമെന്നും അഭിപ്രായമുണ്ട്.കുട്ടികൾ ഏതു ഭാഷ പഠിക്കണമെന്നതു രക്ഷിതാക്കളാണ് നിശ്ചയിക്കേണ്ടതെന്നും ഭാഷ അടിച്ചേൽപിക്കുന്നതു മൗലികാവകാശത്തിന് എതിരാണെന്നും ഇവർ പറയുന്നു.

കർണാടകയിലെ സിബിഎസ്‌ഇ സ്കൂളുകളിൽ കന്ന‍ഡ രണ്ടാം ഭാഷയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനു (സിബിഎസ്ഇ) സർക്കാർ കത്തെഴുതിയതായി പ്രാഥമിക വിദ്യാഭ്യാസമന്ത്രി തൻവീർ സേട്ട് പറഞ്ഞു. രണ്ടാം ഭാഷ ഹിന്ദിയോ, കന്നഡയോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായതിനെ തുടർ‌ന്നാണിത്. മറ്റു സംസ്ഥാനങ്ങളുടെ നിലപാട് വ്യക്തമല്ലെങ്കിലും കർണാടകയിൽ കന്നഡ നിർബന്ധമാണെന്നു മന്ത്രി പറഞ്ഞു.

എല്ലാ സ്കൂളുകളും കന്നഡ രണ്ടാംഭാഷയാവണം. ഇക്കാര്യത്തിൽ ഏതെങ്കിലും സ്കൂളുകൾക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ സിബിഎസ്ഇ അതു പരിഹരിക്കണം. കന്നഡ പഠിപ്പിക്കാൻ തയാറാകാത്ത സ്കൂളുകൾക്കെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കും. ആദ്യഘട്ടത്തിൽ 500 രൂപ വീതം പിഴ ഈടാക്കും   തൻവീർ സേട്ട്, പ്രാഥമിക വിദ്യാഭ്യാസമന്ത്രി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us