മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും

ബെംഗളൂരു : നഗരത്തിൽ വെള്ളക്കെട്ടുണ്ടാകുന്നത് പരിഹരിക്കുന്നതിനുള്ള നടപടി ഊർജിതമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ.

കോടി ചിക്കനഹള്ളിയിൽ കനാലുകൾ നിറഞ്ഞുകവിയുന്നത് തടയാൻ വെള്ളം മഡിവാള തടാകത്തിലേക്ക് വഴിതിരിച്ചുവിടുന്ന പ്രവൃത്തിയും ജനാർദനസ്വാമി ക്ഷേത്രത്തിന് സമീപത്ത് പുതിയ കനാൽ നിർമിക്കുന്ന പ്രവൃത്തിയും ഉടനാരംഭിക്കാൻ അദ്ദേഹം ബെംഗളൂരു കോർപ്പറേഷൻ ചീഫ് കമ്മിഷണർ, ചീഫ് എൻജിനിയർ എന്നിവരോട് നിർദേശിച്ചു. നേരത്തേ തുക നീക്കിവെച്ച പദ്ധതികളാണിവ.

നഗരത്തിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. ഈവർഷം വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടികളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കോടി ചിക്കനഹള്ളി, ബി.ടി.എം. ലേഔട്ട്, ഗാലി ജനാർദനസ്വാമി ക്ഷേത്രപരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇരുവരും ബുധനാഴ്ച സന്ദർശനം നടത്തിയത്.

കോടി ചിക്കനഹള്ളിയിൽ മഴവെള്ളം തടാകത്തിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതിക്ക് 4.3 കോടി രൂപ നേരത്തേ നീക്കിവെച്ചിരുന്നു. എന്നാൽ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിലച്ചു. സമാനമായ കാലതാമസമാണ് ഗാലി ജനാർദനസ്വാമി ക്ഷേത്രത്തിന് സമീപത്ത് പുതിയ കനാൽ നിർമിക്കുന്ന പദ്ധതിക്കുമുണ്ടായത്. നിലവിലുള്ള കനാലിന് സമാന്തരമായി നിർമിക്കുന്ന ഈ കനാലിന്റെ പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രദേശത്ത് വെള്ളം കയറുന്നത് പൂർണമായി അവസാനിക്കുമെന്നാണ് പ്രതീക്ഷ. 11.5 കോടിയുടേതാണ് പദ്ധതി.

ബി.ടി.എം. ലേഔട്ടിലെ ഇരട്ട ഫ്ളൈ ഓവറും ഇരുവരും സന്ദർശിച്ചു. ഇരട്ട ഫ്ലൈ ഓവറുകളുടെ സാധ്യത മറ്റിടങ്ങളിലും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us