വീണ്ടും തട്ടിപ് മാറ്റമില്ലാതെ ഇരകളായി പൊതുജനങ്ങളും; ഓഹരിവിപണിയിൽനിന്ന് വൻലാഭം വാഗ്ദാനംചെയ്ത് തട്ടിയത് 1.4 കോടി

ബെംഗളൂരു : ഓഹരിവിപണിയിൽ നിക്ഷേപിക്കുന്ന പണത്തിന് 40 ശതമാനംവരെ ലാഭവിഹിതം വാഗ്ദാനംചെയ്ത് സൈബർതട്ടിപ്പുകാർ യുവാവിൽനിന്ന് തട്ടിയത് 1.4 കോടി രൂപ.

ബെംഗളൂരു സ്വദേശിയായ അക്കൗണ്ടന്റിനാണ് പണം നഷ്ടമായത്. 39-കാരനായ ഇയാളുടെ പരാതിയെത്തുടർന്ന് ബെംഗളൂരു സൈബർ ക്രൈം പോലീസ് അന്വേഷണം തുടങ്ങി.

ഒരു വർഷം മുമ്പാണ് ടെലഗ്രാം ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഏതാനുംപേർ ഓഹരിവിപണിയിൽ പണം നിക്ഷേപിച്ച് വൻതുക ലാഭമുണ്ടാക്കി നൽകാമെന്ന് യുവാവിനോടുപറഞ്ഞത്.

വിപണിയുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെന്നായിരുന്നു ഇവർ പരിചയപ്പെടുത്തിയത്.

പിന്നീട് നിക്ഷേപംനടത്തി ലാഭമുണ്ടാക്കിയവർ എന്നപേരിൽ ചിലരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ സ്‌ക്രീൻഷോട്ടുകളും ഇവർ നൽകി.

പലവട്ടം വാട്സാപ്പിലൂടെയും ഫോണിലൂടെയും നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടതോടെ ചെറു തുകകൾ യുവാവ് ഇവർ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് അയച്ചു.

ഇതിൽനിന്നുണ്ടായ ലാഭത്തിന്റെ വ്യാജ കണക്കുകൾ നിശ്ചിത ഇടവേളകളിൽ തട്ടിപ്പുസംഘം യുവാവിന് തിരികെ അയക്കുകയുംചെയ്തു.

ഇതോടെ യുവാവ് കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു. പലരിൽനിന്നും കടംവാങ്ങിയാണ് വൻതുകകൾ നിക്ഷേപിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ പണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ നികുതിയിനത്തിൽ ആകെ അടച്ച തുകയുടെ 30 ശതമാനം അടയ്ക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു.

പണമടച്ചതോടെ 20 ശതമാനം വീണ്ടും അടയ്ക്കണമെന്നായി . ഈ തുകയും അടച്ചെങ്കിലും പിന്നീട് ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇവരുപയോഗിച്ചിരുന്ന ഏഴ്‌ ഫോൺ നമ്പറുകളും സ്വിച്ച്‌ ഓഫ് ചെയ്തനിലയിലായിരുന്നു.

ഇതോടെ കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായ യുവാവ് പോലീസിൽ പരാതിനൽകി. അവസാനമടച്ച തുകയുൾപ്പെടെ 1.4 കോടി രൂപയാണ് യുവാവ് ആകെ നിക്ഷേപിച്ചിരുന്നത്.

തട്ടിപ്പുസംഘം ഉപയോഗിച്ചിരുന്ന സിംകാർഡ് വിദേശത്തുനിന്നാണ് പ്രവർത്തിപ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പണം നിക്ഷേപിച്ച അക്കൗണ്ടുകൾ ഉത്തരേന്ത്യയിലെ വിവിധ ബാങ്ക് ബ്രാഞ്ചുകളിൽനിന്ന് വ്യാജ പേരുകളിൽ സംഘടിപ്പിച്ചവയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us