സർക്കാർ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളിലെയും ജീവനക്കാർ, കോളജുകളിലെയും സർവകലാശാലകളിലെയും നോൺ–ടീച്ചിങ് സ്റ്റാഫുകൾ ഉൾപ്പെടെ 73,000 പേർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കമ്മിഷൻ ശുപാർശ നടപ്പാക്കിയാൽ പ്രതിവർഷം 10,508 കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടാവുക. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എം.ആർ. ശ്രീനിവാസ് അധ്യക്ഷനായ സമിതി തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു സമർപ്പിച്ചു.
റിപ്പോർട്ട് അനുസരിച്ച് 17,000 രൂപയാണ് കുറഞ്ഞ അടിസ്ഥാന ശമ്പളം, കൂടിയത് 1,50,600 രൂപയും. കുറഞ്ഞ പെൻഷൻ പ്രതിമാസം 8500 രൂപയും കൂടിയത് 75,300 രൂപയും. കുടുംബ പെൻഷൻ പ്രതിമാസം പരമാവധി 45,180 രൂപയാകും. ഉയർന്ന പെൻഷൻ പ്രായം 60 വയസ്സാക്കി നിലനിർത്താൻ സമ്മതിച്ച കമ്മിഷൻ പക്ഷേ, വൊളന്ററി റിട്ടയർമെന്റിനുള്ള കുറഞ്ഞ കാലാവധി നിലവിലെ 15 വർഷത്തിൽനിന്നു 10 ആക്കാനും ശുപാർശ ചെയ്തു.
മരണം, വിരമിക്കൽ എന്നിവയ്ക്കു പരമാവധി ലഭിക്കാവുന്ന ഗ്രാറ്റുവിറ്റി നിലവിലെ 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കണം. 80 വയസ്സിനു മുകളിലുള്ള എല്ലാ പെൻഷൻകാർക്കും അധിക പെൻഷൻ നൽകാനും കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്.