ബെംഗളൂരു : അടുത്തമാസം ഒന്നു മുതൽ ബെംഗളൂരുവിൽ ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, മികച്ച ഗുണനിലവാരമുള്ള വിദേശ ഹെൽമറ്റുകളുടെ ഉപയോഗം സംബന്ധിച്ചു വ്യക്തത തേടി ബെംഗളൂരു ട്രാഫിക് പൊലീസ് ഗതാഗതവകുപ്പിനു കത്തെഴുതും. ഇതിൽ തീരുമാനമാകും വരെ വിദേശ ഹെൽമറ്റ് ഉപയോഗിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കില്ല. കർണാടക മോട്ടോർ വാഹന നിയമത്തിലെ 230–ാം വകുപ്പനുസരിച്ച് ഇരുചക്രവാഹന യാത്രികർക്ക് ഐഎസ്ഐ ഹെൽമറ്റ് നിർബന്ധമാണെങ്കിലും പലരും വിലകുറഞ്ഞതും സുരക്ഷിതത്വം തീരെയില്ലാത്തതുമായ ഹെൽമറ്റ് ഉപയോഗിക്കുന്നതു പതിവാക്കിയതോടെ ഇതു കർശനമാക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, ഉന്നത ഗുണനിലവാരമുള്ള വിദേശ ഹെൽമറ്റ് ഉപയോഗിക്കുന്നവർ ട്രാഫിക് പൊലീസ് നടപടിയിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി. ആയിരക്കണക്കിനു രൂപ മുടക്കി വാങ്ങിയ ഇത്തരം ഹെൽമറ്റ് രാജ്യാന്തര ഗുണനിലവാരമുള്ളതാണ്. എന്നാൽ, ഐഎസ്ഐ മുദ്രയില്ലാത്തതിനാൽ നിയമം അനുസരിച്ച് ഈ ഹെൽമറ്റ് ധരിക്കുന്നവരിൽനിന്നും പിഴ ഈടാക്കാനാകും. ട്രാഫിക് പൊലീസിന്റെ ഫെയ്സ്ബുക് പേജിലൂടെ ഒട്ടേറെപ്പേർ ഇതുസംബന്ധിച്ച് ആശങ്കയും പങ്കുവച്ചു.
സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെങ്കിൽ ഇത്തരം ഹെൽമറ്റുകൾക്കും അനുമതി നൽകണമെന്ന് ഇവരിലേറെയും ആവശ്യപ്പെട്ടു. ഐഎസ്ഐ ഹെൽമറ്റ് എന്ന പേരിൽ വ്യാജ ഹെൽമറ്റുകളും ഇറങ്ങുന്നുണ്ട്. ഇതു കൂടുതൽ അപകടം വരുത്തിവച്ചേക്കാം. എന്നാൽ, വിദേശ ഹെൽമറ്റ് ഉപയോഗം സംബന്ധിച്ചു തീരുമാനം എടുക്കാൻ പൊലീസിന് അധികാരമില്ലെന്നും അതിനാലാണ് ഗതാഗതവകുപ്പിനു കത്തെഴുതിയതെന്നു ട്രാഫിക് പൊലീസ് ഫെയ്സ്ബുക് പേജിലൂടെ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.