ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടക സന്ദർശിക്കുന്ന 10 മുതൽ 12 വരെ ജില്ലാ അധിഷ്ഠിതമായി ബന്ദുകൾ നടത്താൻ ബിജെപി തീരുമാനം. ബെള്ളാരി, കലബുറഗി, ബീദർ ജില്ലകൾ മൂന്നു ദിവസങ്ങളിലായി സന്ദർശിക്കാനാണ് രാഹുൽ എത്തുന്നത്. ഇന്നു ബിജെപിയുടെ നവകർണാടക പരിവർത്തന റാലി നടക്കുന്ന മൈസൂരുവിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്നതിന്റെയും, റാലിയുടെ സമാപന ദിവസമായ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്റെയും പശ്ചാത്തലത്തിൽ മഹാദായി ബന്ദുകൾ നടത്തുന്നതിനു തിരിച്ചടി നൽകുകയാണു ലക്ഷ്യം.
സിദ്ധരാമയ്യ സർക്കാർ പിന്തുണയ്ക്കുന്ന ഈ രണ്ടു ബന്ദുകൾ രാഷ്ട്രീയ പ്രേരിതമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പ ആരോപിച്ചു. രാഹുൽ ഗാന്ധി എത്തുന്ന ജില്ലകളിൽ സമ്പൂർണ ബന്ദ് ആചരിക്കുമെന്നും മടിക്കേരിയിൽ അദ്ദേഹം പറഞ്ഞു. ബന്ദിന്റെ പേരിൽ സിദ്ധരാമയ്യ കളിക്കുന്ന രാഷ്ട്രീയത്തിനു മറുപടിയാണിത്. ദേശീയ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്ക് ബിജെപിക്കും ഇതേ കളി അറിയാം.
ഗോവയുമായി മഹാദായി പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നതിന് സിദ്ധരാമയ്യ മനപ്പൂർവം വിലങ്ങുതടി സൃഷ്ടിക്കുകയായിരുന്നെന്നും യെഡിയൂരപ്പ ആരോപിച്ചു. അതേസമയം ബന്ദുമായി കോൺഗ്രസ് സർക്കാരിന് യാതൊരു ബന്ധവുമില്ലെന്നു സിദ്ധരാമയ്യ പ്രതികരിച്ചു.