‘മൊണ്ടാഷ് മൊമന്റ്സ് വിത് മോനിഷ’ എന്ന ഗാന-നൃത്ത സന്ധ്യ ബാംഗ്ലൂർ മ്യൂസിക് കഫെ അവതരിപ്പിച്ച ഗാനാഞ്ജലിയോടെയാണ് ആരംഭിച്ചത്. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി, പ്രേമോദാരനായ്, പൊൻമുരളിയൂതും കാറ്റിൽ, നീലരാവിലിന്നു നിന്റെ, നീരാടുവാൻ നിളയിൽ നീരാടുവാൻ, മകളേ പാതി മലരേ തുടങ്ങിയ മലയാളം പാട്ടുകൾ അഭ്രപാളിയിൽ മോനിഷ കയ്യൊപ്പിട്ട രംഗങ്ങൾ ഒരിക്കൽകൂടി ആസ്വാദക മനസ്സിൽ കോറിയിട്ടു. ഷിജി, പ്രശോഭ്, രമേഷ് ചന്ദ്ര, കൃഷ്ണകുമാർ, ശ്വേത, ലെജീഷ്, വിപിൻ, ജിജോ എന്നിവരാണ് ഈ ഗാനങ്ങൾക്കു ശബ്ദം പകർന്നത്. ജൂബിൽ ക്രിസ്റ്റീന ജോസ് പാട്ടറിവ് പകർന്നു.
പ്രമുഖ ഭരതനാട്യം ഗുരു കലാശ്രീ സത്യനാരായണ രാജു രാമകഥാ ബാലെ അവതരിപ്പിച്ചു. ഡോ. മൃദുല അമർനാഥിന്റെ നേതൃത്വത്തിൽ നേത്രദാനത്തെ കുറിച്ചു ബോധവൽക്കരണം സംഘടിപ്പിച്ചു. രാജ്യസഭാ എംപി കെ.സി. രാമമൂർത്തി മുഖ്യാതിഥിയായിരുന്നു.