ബെംഗളൂരു ∙ സംക്രാന്തി-പൊങ്കൽ ആഘോഷത്തിരക്കിൽ കോളടിച്ചതു നമ്മ മെട്രോയ്ക്ക്. 12നു രാവിലെ അഞ്ചുമുതൽ രാത്രി 11 വരെ നടത്തിയ സർവീസുകളിൽ 4,02,923 യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചത്. ഇതിനു മുൻപ് കഴിഞ്ഞ വർഷം മഹാനവമി-വിജയദശമി ദിനത്തിലായിരുന്നു കൂടുതൽ പേർ മെട്രോയിൽ യാത്ര ചെയ്തിരുന്നത്. 3.75 ലക്ഷം പേരാണ് അന്നു യാത്ര ക്കാർ. മൈസൂരു റോഡ്-ബയ്യപ്പനഹള്ളി പർപ്പിൾ ലൈനിൽ 2,30,435 പേരും നാഗസന്ദ്ര-യെലച്ചനഹള്ളി ഗ്രീൻ ലൈനിൽ 1,72,488 പേരുമാണ് വെള്ളിയാഴ്ച യാത്ര ചെയ്തത്.
യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു മൂന്നര മിനിറ്റ് ഇടവേളയിൽ അഞ്ച് അധിക സർവീസുകളും നടത്തിയെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫിസർ യു. വസന്തറാവു പറഞ്ഞു. പുതുവർഷ ദിനത്തിൽ രാത്രി രണ്ടുവരെ സർവീസ് നടത്തിയിരുന്നെങ്കിലും 3,25,869 പേരാണ് അന്നു മെട്രോയിൽ യാത്ര ചെയ്തത്.ആറു കോച്ചുകളുള്ള പുതിയ ട്രെയിൻ ജനുവരി അവസാനത്തോടെ ബിഎംആർസിഎല്ലിന് ലഭിക്കും. ഇതോടെ രാവിലെയും വൈകിട്ടും മെട്രോ കോച്ചുകളിലെ തിരക്കിന് ഒരുപരിധി വരെ പരിഹാരമാകുമെന്നാണു പ്രതീക്ഷ. ഉൽസവസമയങ്ങളിൽ ഗതാഗതക്കുരുക്കിൽനിന്നു രക്ഷപ്പെടാൻ കൂടുതൽ പേർ മെട്രോയെ ആശ്രയിക്കുന്നതു നല്ല സൂചനയാണെന്നും വസന്തറാവു പറഞ്ഞു.പ്രതിദിനം അഞ്ചു ലക്ഷം യാത്രക്കാരെയാണ് മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയായതോടെ ബിഎംആർസിഎൽ പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ തിരക്കിൽ വീർപ്പുമുട്ടി മജസ്റ്റിക് കെംപഗൗഡ മെട്രോ സ്റ്റേഷൻ. മെട്രോയിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്കു നിയന്ത്രിക്കാൻ കഴിയാതെ പലപ്പോഴും സുരക്ഷാ ജീവനക്കാരും വലയുകയാണ്. പർപ്പിൾ ലൈനിനെയും ഗ്രീൻ ലൈനിനെയും ബന്ധിപ്പിക്കുന്ന സ്റ്റേഷനിലെ പ്രവേശനകവാടത്തിൽ സുരക്ഷാ പരിശോധനയ്ക്ക് ഏറെനേരം ക്യൂ നിന്നാണ് പലരും അകത്തു കടക്കുന്നത്.പർപ്പിൾ ലൈനിൽനിന്നു ഗ്രീൻ ലൈനിലേക്കു പ്രവേശിക്കാൻ ഒരേയൊരു എസ്കലേറ്ററും ഗോവണിയുമാണ് പ്രവർത്തിക്കുന്നത്.
തിരക്കേറിയ സമയത്തു കുട്ടികളടക്കം കൂട്ടം തെറ്റിപ്പോകുന്നതും വീഴുന്നതും ഇവിടെ പതിവാണ്. എട്ടു പ്രവേശനകവാടങ്ങളുള്ള മജസ്റ്റിക് സ്റ്റേഷനിൽ രണ്ടു കവാടങ്ങളിലൂടെ മാത്രമെ യാത്രക്കാരെ പ്രവേശിപ്പിക്കുന്നുള്ളൂ. നിർമാണ പ്രവൃത്തികൾ പൂർത്തിയാകാത്തതു കൊണ്ടാണ് മറ്റുകവാടങ്ങൾ തുറക്കാത്തതെന്നാണ് ബിഎംആർസിഎൽ നൽകുന്ന വിശദീകരണം. ഒരേ സമയം 25,000 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലാണ് മജസ്റ്റിക് മെട്രോ സ്റ്റേഷൻ നിർമിച്ചതെങ്കിലും പ്രതിദിനം രണ്ടരലക്ഷത്തോളം പേർ മജസ്റ്റിക് സ്റ്റേഷനിലെത്തുന്നുണ്ടെന്നാണ് കണക്ക്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.