വീണ്ടും പക്ഷിപ്പനി ഭീതിയില്‍ ബെംഗളൂരു-മൈസൂരു മേഖല;ഭയപ്പെടെണ്ടതില്ലെന്ന് കൃഷി മന്ത്രാലയം;കോഴിയിറച്ചി മുട്ട വില്പന 25% കുറഞ്ഞു

ബെംഗളൂരു : ബെംഗളൂരുവിലും മൈസൂരുവിലും പക്ഷിപ്പനി ഭീതി പടർന്നു പിടിക്കുന്നു. രോഗബാധ സംബന്ധിച്ച കേന്ദ്രസർക്കാർ സ്ഥിരീകരണം ഇന്നലെ പുറത്തുവന്നതോടെ ആശങ്കയിലാണു ജനം. ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് മൈസൂരു മൃഗശാല ഒരുക്കി വരുന്നത്. വിവിധയിടങ്ങളിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാരിനു വേണ്ട മാർഗനിർദേശങ്ങളും സഹായവും നൽകുന്നതിന് രണ്ട് വിദഗ്ധർ ഉൾപ്പെട്ട സംഘത്തെയും കേന്ദ്രം നിയോഗിച്ചു കഴിഞ്ഞു.ദാസറഹള്ളിയിലാണ് പക്ഷിപ്പനി ബാധിച്ച ഇറച്ചിക്കോഴികളെ ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് തനിസന്ദ്ര, ആർകെ ഹെഗ്ഡെ നഗർ, യെലഹങ്ക തുടങ്ങി നോർത്ത് ബെംഗളൂരുവിലെ വിവിധയിടങ്ങളിലായി ആയിരക്കണക്കിനു കോഴികളെ കൊന്നൊടുക്കി.

പക്ഷിപ്പനി പടരുന്നതു തടയാനുള്ള ശ്രമങ്ങൾ വ്യാപകമായി നടപ്പാക്കി വരികയാണെന്നും , സ്ഥിതി നിയന്ത്രണവിധേയമാണെന്നും കേന്ദ്ര കൃഷി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.വിവിധ സ്ഥലങ്ങളിൽ രോഗം ബാധിച്ച കോഴികളിൽ നിന്നും ഡിസംബർ 30ന് സമാഹരിച്ച സാംപിളുകൾ, ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ പരിശോധിച്ച ശേഷമാണ് പക്ഷിപ്പനി സംബന്ധിച്ച ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിരിക്കുന്നത്.

ദേശാടനപ്പക്ഷികളെത്തുന്ന കാരാഞ്ഞി തടാകം ഉൾപ്പെടെ മൈസൂരു മൃഗശാലയിൽ പക്ഷിപ്പനി പടരുന്നതിനെതിരെ മുന്നൊരുക്ക നടപടികൾ സ്വീകരിച്ചു. കൂട്ടിലടച്ചിരിക്കുന്ന പക്ഷികളെ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. തണുത്ത കാലാവസ്ഥയായതിനാൽ, പക്ഷികൾക്കും മറ്റും വേണ്ടത്ര ചൂടു പകരുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം പക്ഷിപ്പനി വൈറസ് (എച്ച്5 എൻ 1)പകരാതിരിക്കാനുള്ള മരുന്നുകളും നൽകി വരുന്നു. നിലവിൽ സന്ദർശകർക്കു വിലക്കില്ല.

പക്ഷിപ്പനി ഭീതി പടരുന്നതിനിടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറച്ചിക്കോഴി, മുട്ട വിൽപന ഇടിയുന്നതായി വ്യാപാരികൾ പറയുന്നു. ബെംഗളൂരു നഗരത്തിൽ മാത്രം പ്രതിദിനം മൂന്നു ലക്ഷത്തോളം ഇറച്ചിക്കോഴികളെ കൊല്ലുന്നുണ്ടെന്നാണ് കണക്ക്.അതേ സമയം ബ്രോയിലർ കോഴികളിൽ പക്ഷിപ്പനി വൈറസുകൾ എളുപ്പത്തിൽ വ്യാപിക്കില്ലെന്നും, നാടൻ കോഴികളെയായിരിക്കും ഇതു സാരമായി ബാധിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. 2015ലാണ് ഇതിനുമുൻപ് പക്ഷിപ്പനി ബെംഗളൂരുവിനെ വലിയ തോതിൽ ബാധിച്ചത്. അന്നു ഹെസറഘട്ടയിലെ സർക്കാർ പൗൾട്രി ഫാമിൽ പതിനായിരക്കണക്കിനു കോഴികളെ കൊന്നൊടുക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us