ബെംഗളൂരു ∙ വൈദ്യുതി ബിൽ സ്മാർട് ഫോണിലൂടെ അടയ്ക്കാൻ സഹായിക്കുന്ന ബെസ്കോം മിത്ര മൊബൈൽ ആപ് ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) ആണ് ഉപഭോക്തൃസേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്പിന് രൂപം നൽകിയിരിക്കുന്നത്. മൊബൈൽ ആപ്പിന്റെ പ്രകാശനം ഇന്ന് രാവിലെ പത്തിനു പാലസ് റോഡിലെ ഷാൻഗ്രില ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.
തുടർന്ന് ഉപഭോക്താക്കൾക്കായി വിജിലൻസ്–കൺസ്യൂമർ മുഖാമുഖവും നടക്കും. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ പരാതികൾ ട്രാക്ക് ചെയ്യുന്നതുവഴി പരിഹാരം വേഗത്തിലാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബെംഗളൂരു നഗര ജില്ലയ്ക്ക് പുറമെ ബെംഗളൂരു ഗ്രാമജില്ല, ചിക്കബെല്ലാപുര, കോലാർ, രാമനഗര, മണ്ഡ്യ, തുമകൂരു, ദാവനഗരൈ എന്നീ എട്ടു ജില്ലകളിലെ വൈദ്യുതി വിതരണം ബെസ്കോമിന്റെ നിയന്ത്രണത്തിലാണ്. 1999ൽ ആരംഭിച്ച ബെസ്കോമിന്റെ കീഴിൽ 207 ലക്ഷം ഉപയോക്താക്കളാണുള്ളത്.
വിജിലൻസ് സ്റ്റേഷനുകൾ
ജീവനക്കാരുടെ അഴിമതിയും വൈദ്യുതി മോഷണവും തടയാൻ ബെസ്കോം വിജിലൻസ് വിഭാഗത്തിന്റെ കീഴിൽ 11 വിജിലൻസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. ബെംഗളൂരു നഗരജില്ലയിൽ ജയനഗർ, ഇന്ദിര നഗർ, മല്ലേശ്വരം, രാജാജിനഗർ എന്നിവിടങ്ങളിലാണ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം. പരാതികൾ നേരിട്ടും ഫോൺ വഴിയും അറിയിക്കാം. ഫോൺ: 9448042375, 9448094802.
24 മണിക്കൂർ ഹെൽപ്്ലൈൻ വൈദ്യുതി വിതരണം സംബന്ധിച്ച പരാതികൾ ബെസ്കോമിന്റെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ നമ്പറിലൂടെയും എസ്എംഎസ്, വാട്സ്ആപ് മുഖേനയും അറിയിക്കാം. ഹെൽപ്ലൈൻ നമ്പർ: 1912. വാട്സ് ആപ് നമ്പർ: 9449844640. എസ്എംഎസ്: 58888
∙ വൈദ്യുതി ബിൽ അടയ്ക്കാം.
∙ വൈദ്യുതി സേവനങ്ങൾ സംബന്ധിച്ചു പരാതികൾ നൽകാം.
∙ താരിഫ് നിരക്കുകൾ, പുതിയ പദ്ധതികൾ എന്നിവയറിയാം.
∙ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ, വൈദ്യുതി മുടക്കം തുടങ്ങിയ അറിയിപ്പുകൾ ലഭിക്കും.