ബെംഗളൂരു : മാന്യത ടെക് പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ പുതുവർഷരാവിൽ നടക്കാനിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്കു സർക്കാർ അനുമതി നിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ സംഘാടകർ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയെ കാണാനൊരുങ്ങുന്നു. ഇന്ത്യൻ സംസ്കാരത്തിനു ചേർന്നതല്ല ഇത്തരം ആഘോഷമെന്ന് ആരോപിച്ചു കന്നഡ രക്ഷണ വേദികെ യുവസേന പ്രക്ഷോഭം വ്യാപകമാക്കിയതിനെ തുടർന്നാണ് ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ ആഘോഷ പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടത്. ഒന്നരക്കോടി രൂപയോളം ചെലവിട്ടു ടൈംസ് ക്രിയേഷൻസാണു പുതുവർഷാഘോഷം ഒരുക്കിയത്.
ഹാൾ ബുക്കിങ്ങും വിമാന ടിക്കറ്റുകളും ഹോട്ടൽ റൂമുകളും ഒരുക്കിക്കഴിഞ്ഞതായും 31നു രാത്രി 11 മുതൽ 12 വരെയാണ് സണ്ണി ലിയോൺ നൃത്തം ചെയ്യാനിരുന്നതെന്നും സംഘാടകർ പറഞ്ഞു. പരിപാടിയുടെ സുരക്ഷാർഥം 60 ബൗൺസർമാരെയും 60 സെക്യൂരിറ്റി ഗാർഡുമാരെയും സജ്ജമാക്കിയിരുന്നു. ഓൺലൈൻ ടിക്കറ്റ് വിൽപനപോലും ആരംഭിച്ചശേഷമാണു സർക്കാർ എതിർപ്പുമായെത്തിയിരിക്കുന്നതെന്ന് അവർ പറഞ്ഞു. ഒരു മണിക്കൂർ നൃത്തത്തിനു സണ്ണി ലിയോണിന് 50 ലക്ഷം രൂപ നൽകിയതായാണു സൂചന.
ഇവരുടെ താമസത്തിനും മറ്റുമായി മറ്റൊരു 10 ലക്ഷം രൂപയും കൂടി ചെലവഴിച്ചിട്ടുണ്ട്. പരിപാടിക്ക് അനുമതി തേടി നേരത്തെ സംപിഗെഹള്ളി പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകിയെങ്കിലും, മറുപടി ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണു കലാകാരന്മാർക്കും മറ്റും അഡ്വാൻസ് നൽകിയത്. പരിപാടി നടന്നില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാകും. ഈ സാഹചര്യത്തിലാണ് അനുമതി നൽകണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രിയെ സമീപിക്കുന്നത്. സംസ്കാരത്തെ മുറിപ്പെടുത്തുന്ന ഒന്നുംതന്നെ സണ്ണി നൈറ്റിലില്ല.
പരിപാടിയുടെ വ്യക്തമായ രൂപം ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ ഇത്തരമൊരു പരിപാടിക്കായി അനുമതി തേടി ആരും പൊലീസിനെ സമീപിച്ചതായി അറിവില്ലെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാർ പറഞ്ഞു. സണ്ണി ലിയോൺ കൊച്ചിയിൽ എത്തിയപ്പോഴുണ്ടായതുപോലെ തിരക്കുണ്ടായാൽ സംഘാടകർ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.