ബെംഗളൂരു ∙ സമൂഹത്തിൽ അവഗണിക്കപ്പെട്ടുകിടക്കുന്ന വിഭാഗങ്ങൾക്കു സൗജന്യ പഠന സൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി ബാംഗ്ലൂർ യൂണിവേഴ്സിറ്റി. എച്ച്ഐവി ബാധിതർ, ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർ, ഭിന്നലിംഗക്കാർ, കുഷ്ഠരോഗം ബാധിച്ചവർ, തടവുശിക്ഷ അനുഭവിക്കുന്നവരുടെ മക്കൾ എന്നിവർക്കു സൗജന്യമായി പഠന സൗകര്യം ഒരുക്കുമെന്നു വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടർ പ്രഫ. ബി.സി.മൈലരപ്പ പറഞ്ഞു.
അടുത്ത സിൻഡിക്കറ്റ് യോഗത്തിൽ ഇതു ചർച്ചചെയ്തു പാസാക്കും. ഈ വിഭാഗത്തിൽപെടുന്നവർക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ അപ്രാപ്യമാകുന്ന സാഹചര്യത്തിലാണ് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ നടപടി. നിലവിൽ പട്ടിക ജാതി, വർഗ വിഭാഗത്തിൽപെട്ടവർക്കു മാത്രമാണു യൂണിവേഴ്സിറ്റി പഠനത്തിനുള്ള സ്കോളർഷിപ് നൽകുന്നത്.