ഗതാഗതക്കുരുക്കൊഴിയാത്ത റോഡുകളിൽ നിന്ന് ഇരുചക്രവാഹനങ്ങൾ നടപ്പാതയിലൂടെ കയറ്റി ഓടിക്കുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചകളിലൊന്നാണ്. ഔട്ടർ റിങ് റോഡടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളിൽ റോഡിനേക്കാളും ഉയർന്ന് നിൽക്കുന്ന നടപ്പാതയിലൂടെ സാഹസികമായാണ് യുവാക്കൾ ബൈക്കും സ്കൂട്ടറും ഓടിക്കുന്നത്. സ്ലാബുകൾ തകർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ രാത്രി കാലങ്ങളിൽ ബൈക്ക് ഓടയിലേക്ക് വീണുള്ള അപകടങ്ങളും വർധിക്കുകയാണ്.
നടപ്പാത കഴിയുന്ന സ്ഥലങ്ങളിൽ ബൈക്ക് റോഡിലേക്ക് ഇറക്കുന്നത് പിന്നിൽ വരുന്ന വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിക്കും കാരണമാകുന്നുണ്ട്. സൂപ്പർബൈക്കുകളിൽ കുതിച്ചുപായുന്നവർ അമിതവേഗത്തിൽ നടപ്പാത കയ്യേറുന്നതോടെ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.
അടുത്തിടെ നവീകരിച്ച ടെൻഡർ ഷുവർ റോഡുകളിൽ കാൽനടയാത്രക്കാർക്കായി വിശാലമായ സ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ ഇവിടങ്ങളിൽ റോളർ ബോളുകൾ സ്ഥാപിച്ചെങ്കിലും പലയിടങ്ങളിലും ഇത് തകർത്ത നിലയിലാണ്. ഇതിനിടയിലൂടെ സർക്കസ് അഭ്യാസികളെപ്പോലെയാണ് ബൈക്കുമായി കുതിക്കുന്നത്. നടപ്പാതയിലൂടെ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണവും ട്രാഫിക് പൊലീസ് ശക്തമാക്കിയിട്ടുണ്ട്.