ഇക്കാര്യം ബെംഗളൂരു വിമാനത്താവള അധികൃതരെയും സുരക്ഷാ ഏജൻസികളെയും അറിയിച്ചതിനെ തുടർന്നാണു നടപടി. ഇതൊരു വ്യാജ ഭീഷണിയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അതല്ലെങ്കിൽ ഇങ്ങനെയൊരു മുന്നറിയിപ്പിനെ തുടർന്നുള്ള പ്രതിരോധ നടപടികൾ നിരീക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകാമെന്നും ബെംഗളൂരു പൊലീസ് വിശദീകരിച്ചു.
കൊണ്ടോട്ടി തപാൽ ഓഫിസിലെ സീൽ പതിച്ച കത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും രഹസ്യാന്വേഷണ വിഭാഗം ഊർജിതമാക്കി. കഴിഞ്ഞ ദിവസം വൈകിട്ടാണു കോഴിക്കോട് എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണയുടെ പേരിൽ ഇംഗ്ലിഷിലുള്ള കത്തു ലഭിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെ സിഐഎസ്എഫ്, സിഐഎസ്എഫ് ആസ്ഥാനം, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ ഡൽഹി, ചെന്നൈ കേന്ദ്രങ്ങൾ, ഇന്റലിജൻസ് ഏജൻസി, ജില്ലാ ഭരണകൂടം, ബന്ധപ്പെട്ട മറ്റു സുരക്ഷാ ഏജൻസികൾ തുടങ്ങിയവരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.