ബെംഗളൂരു ∙ നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപെട്ട കന്റോൺമെന്റ് സ്റ്റേഷൻ നിലവിലെ റെയിൽവേ സ്റ്റേഷനു സമീപംതന്നെ നിർമിക്കുമെന്ന സൂചനകളുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ). റെയിൽവേ സ്റ്റേഷനിൽനിന്നു 300 മീറ്റർ അകലെ ബാംബൂ ബസാറിനു സമീപത്തെ ഗ്രൗണ്ടിലാണു മെട്രോസ്റ്റേഷൻ സ്ഥാപിക്കാൻ ധാരണ ഉണ്ടായിരുന്നത്. എന്നാൽ ഇതിനെതിരെ കനത്ത ജനരോഷം ഉയർന്നിരുന്നു. ഇതെ തുടർന്നു കഴിഞ്ഞദിവസം ബിഎംആർസിഎൽ വീണ്ടും സർവേ തുടങ്ങിയതോടെയാണ് ഇരുസ്റ്റേഷനുകളും അടുത്തടുത്തുവരുമെന്ന് ഏറക്കുറെ ഉറപ്പായത്.
ബാംബൂ ബസാറിനു സമീപത്തുകൂടിയുള്ള പാതയുടെ ദിശമാറ്റി സ്റ്റേഷനു സമീപത്തുകൂടിയാക്കുമ്പോൾ നേരിടേണ്ട വെല്ലുവിളികളും നിർമാണച്ചെലവിൽ ഉണ്ടാകുന്ന മാറ്റവും വിലയിരുത്താനാണു സർവേ നടത്തുന്നത്. ഏതാനും ദിവസം കൂടി തുടരുന്ന സർവേക്കുശേഷം റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ട് വിലയിരുത്തിയശേഷം കന്റോൺമെന്റിൽ മെട്രോപാതയും സ്റ്റേഷനും എവിടെ വേണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമതീരുമാനമെടുക്കും. കന്റോൺമെന്റ്, വൈറ്റ്ഫീൽഡ് മെട്രോസ്റ്റേഷനുകൾ റെയിൽവേ സ്റ്റേഷനോടു ചേർന്നു നിർമിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാൽ സ്ഥലം ഏറ്റെടുപ്പിലെ ഉയർന്ന ചെലവും സാങ്കേതിക തടസ്സവും ചൂണ്ടിക്കാട്ടി ഈ സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കാൻ ബിഎംആർസിഎൽ തീരുമാനിച്ചു. ദിവസേന നാൽപതിനായിരത്തോളം പേർ ആശ്രയിക്കുന്ന കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽനിന്നു മാറി മെട്രോസ്റ്റേഷൻ നിർമിക്കുന്നതു യാത്രക്കാർക്ക് അസൗകര്യമാകുമെന്നു ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തി. പ്രതിഷേധങ്ങൾക്കൊടുവിൽ ബിഎംആർസിഎൽ വീണ്ടും സർവേ തുടങ്ങിയതു പൗരസമിതി അംഗങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.
അതേസമയം ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലം, ബാധിക്കാവുന്ന കെട്ടിടങ്ങൾ, മണ്ണിന്റെ ഘടന തുടങ്ങിയ കാര്യങ്ങളും വിലയിരുത്തിയശേഷമേ സ്റ്റേഷൻ മാറ്റുന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂ. കെട്ടിടങ്ങളും റെയിൽപാളങ്ങളും ഉള്ള സ്ഥലങ്ങളിൽ ഭൂഗർഭപാത നിർമിക്കുന്നതിലെ വെല്ലുവിളികളും ഉദ്യോഗസ്ഥർ പരിശോധിക്കും.
നമ്മ മെട്രോ ഒന്നാംഘട്ടത്തിലെ ഭൂഗർഭപാതയിൽ ചിലയിടത്തു പാറകൾ നിറഞ്ഞതു കാരണം ഒന്നാംഘട്ട പൂർത്തീകരണം മാസങ്ങളോളം വൈകിയിരുന്നു.സിറ്റി റെയിൽവേ സ്റ്റേഷനു താഴെക്കൂടിയുള്ള ഭൂഗർഭപാതയുടെ നിർമാണത്തിനിടെ ഒരു റെയിൽപാളത്തിനു തകരാർ സംഭവിക്കുകയും ചെയ്തു. ഇതെ തുടർന്നാണു റെയിൽപാളം ഉള്ളിടത്തു ഭൂഗർഭപാതയ്ക്കുള്ള ആഴം 20 മീറ്ററിൽനിന്നു 40 മീറ്ററാക്കി റെയിൽവേ ഉയർത്തിയത്.
റെയിൽവേ സ്റ്റേഷനു സമീപത്തു കൂടിയുള്ള പാതയ്ക്കു ആയിരം കോടിയോളം രൂപ കൂടുതൽ ചെലവാകുമെന്നതിനു പുറമെ സുരക്ഷാ വെല്ലുവിളിയും ഉയർത്തുമെന്നായിരുന്നു ബിഎംആർസിഎൽ വാദം. റെയിൽവേ സ്റ്റേഷനു സമീപത്തു 40 മീറ്ററോളം ആഴത്തിൽ വേണം ഭൂഗർഭമെട്രോ പാത നിർമിക്കാൻ. ഈ പാതയിൽ വലിയ വളവ് ഉള്ളതിനാൽ മെട്രോ ട്രെയിന് വേഗത്തിൽ സഞ്ചരിക്കാനുമാകില്ലത്രെ. ബിഎംആർസിഎൽ അധികൃതരുടെ വാദം തള്ളിയ പൗരസമിതി ഇക്കാര്യത്തിൽ പൊതുചർച്ച വേണമെന്ന് ആവശ്യപ്പെട്ടു.
പൗരസമിതി പ്രതിനിധികളും, ബിഎംടിസി, നഗര ഗതാഗത വകുപ്പ് അധികൃതരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത യോഗം ബിഎംആർസിഎൽ ബഹിഷ്കരിച്ചു. യോഗത്തിൽ പങ്കെടുത്ത ബിജെപി–കോൺഗ്രസ് എംപിമാരും സ്റ്റേഷൻ ബാംബൂ ബസാറിൽ നിർമിക്കാനുള്ള നീക്കത്തെ എതിർത്തു. എതിര്പ്പ ് രൂക്ഷമായതോടെ ബിഎംആർസിഎൽ വിണ്ടും സർവേയ്ക്ക് തയാറാകുകയായിരുന്നു.