ബെംഗളൂരു ∙ തിരുവനന്തപുരം–ബെംഗളൂരു റൂട്ടിൽ കേരള ആർടിസിയുടെ പുതിയ മൾട്ടി ആക്സിൽ സ്കാനിയ ബസ് ഇന്നലെ സർവീസ് ആരംഭിച്ചു. സ്കാനിയ കമ്പനിയിൽ നിന്നു കരാർ അടിസ്ഥാനത്തിൽ ലഭിച്ച ബസുകൾ ഉപയോഗിച്ചാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇതോടെ ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള കേരള ആർടിസി സർവീസുകളുടെ എണ്ണം നാലായി. കോഴിക്കോട് വഴിയുള്ള പുതിയ സർവീസ് മൈസൂരു മലയാളികൾക്കും ഗുണകരമാകും.
ബെംഗളൂരു പീനിയ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1.30നും സാറ്റ്ലൈറ്റ് സ്റ്റേഷനിൽ നിന്ന് 2.25നും പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ അഞ്ചിനു തിരുവനന്തപുരത്തെത്തും. കെംഗേരി പൊലീസ് സ്റ്റേഷൻ(2.25), മണ്ഡ്യ ബസ് സ്റ്റാൻഡിന് എതിർവശം(3.45), മൈസൂരു(4.50), ബത്തേരി(7.00), കോഴിക്കോട്(9.00), തൃശൂർ(11.20), എറണാകുളം(പുലർച്ചെ 1.00), ആലപ്പുഴ(2.00), കൊല്ലം(3.30) എന്നിങ്ങനെയാണ് പ്രധാന സ്റ്റോപ്പുകളിൽ ബസ് എത്തുന്ന സമയം. തിരുവനന്തപുരത്തു നിന്നുള്ള മടക്ക ബസ് രാത്രി 7.30നു പുറപ്പെട്ട് പിറ്റേന്ന് 10.45നു ബെംഗളൂരുവിലെത്തും. തിരക്കു കുറഞ്ഞ ദിവസങ്ങളിൽ 980 രൂപയും സാധാരണ ദിവസങ്ങളിൽ 1151 രൂപയും തിരക്കു കൂടിയ ദിവസങ്ങളിൽ 1265 രൂപയുമാണ് ടിക്കറ്റ് ചാർജ്.
അതേസമയം ബെംഗളൂരുവിൽ ജോലി ചെയ്യുന്നവർക്കു ഗുണം ചെയ്യുന്നതല്ല ബസിന്റെ സമയക്രമമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഉച്ചയ്ക്ക് 1.30നു പുറപ്പെടുകയും രാവിലെ 11 മണിയോടെ ബെംഗളൂരുവിൽ എത്തുകയും ചെയ്യുന്നതിനാൽ യാത്രക്കാർ കുറയാനിടയുണ്ട്. നാട്ടിൽ നിന്നുള്ള ബസ് രാവിലെ എട്ടുമണിയോടെ മൈസൂരുവിൽ എത്തുമെന്നതിനാൽ ഇവിടെ നിന്നുള്ളവർക്കാണ് സർവീസ് കൂടുതൽ പ്രയോജനം ചെയ്യുക. രാത്രിയാത്രാ നിരോധനമുള്ള കേരള–കർണാടക അതിർത്തി കടക്കാൻ ബസിന് അനുമതി ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ സമയം ക്രമീകരിച്ചതെന്ന് അധികൃതർ പറയുന്നു. ബെംഗളൂരുവിൽ നിന്നു വൈകി പുറപ്പെടുകയും നേരത്തേ എത്തുകയും ചെയ്യുന്ന രീതിയിൽ സമയം മാറ്റണമെങ്കിൽ രാത്രി അതിർത്തി കടക്കാനുള്ള പാസ് ലഭിക്കണം.
നിലവിൽ തിരുവനന്തപുരത്തേക്കുള്ള നാലു സർവീസുകളിൽ മൂന്നെണ്ണവും മൈസൂരു, കോഴിക്കോട് വഴിയാണ്. തമിഴ്നാട് പെർമിറ്റ് എടുത്ത് ഇവയിൽ ഒരെണ്ണമെങ്കിലും സേലം, പാലക്കാട് വഴിയാക്കിയാൽ ബസിനു വൈകുന്നേരം പുറപ്പെടാൻ കഴിയും. ടിക്കറ്റ് ചാർജ് അൽപം കുറയ്ക്കുകയും വേണം. ബെംഗളൂരുവിൽ നിന്നു സേലം വഴി തിരുവനന്തപുരത്തേക്കുള്ള കർണാടക ആർടിസി ബസിൽ 1206 രൂപയാണ് ടിക്കറ്റ് ചാർജ്. എന്നാൽ കേരള ആർടിസിയുടെ സേലം വഴിയുള്ള ബസിൽ 1408 രൂപയും മൈസൂരു വഴിയുള്ളതിൽ 1265 രൂപയും നൽകണം. നിരക്കിലെ വലിയ അന്തരവും കെഎസ്ആർടിസിക്കു തിരിച്ചടി ആയേക്കുമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.