ഇരുചക്രവാഹനങ്ങൾക്കു 5–15 രൂപയും വലിയ വാഹനങ്ങൾക്കു 15–30 രൂപയുമാണ് മണിക്കൂറിന് ഈടാക്കുക. പാർക്കിങ് സ്ഥലത്തിൽ 20 ശതമാനമെങ്കിലും വനിതകൾക്കു നീക്കിവയ്ക്കും. താരതമ്യേന കുറഞ്ഞ നിരക്കിൽ പാർക്കിങ് ഒരുക്കി ഗതാഗതക്കുരുക്കു കുറയ്ക്കുന്നതിനൊപ്പം ബിബിഎംപിക്കു കോടികളുടെ അധിക വരുമാനവും നൽകുന്നതാണ് പദ്ധതി. പദ്ധതി നടപ്പായാൽ പ്രതിവർഷം 31.5 കോടി രൂപയാണ്, മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സ്മാർട് പാർക്കിങ് കൈകാര്യം ചെയ്യുന്ന കമ്പനി ബിബിഎംപിക്കു നൽകുക. ബെംഗളൂരുവിൽ പണം നൽകി ഉപയോഗിക്കാവുന്ന പാർക്കിങ് സംവിധാനം നടപ്പാക്കാൻ 2013ലെ ബിബിഎംപി കൗൺസിലാണ് തീരുമാനം എടുത്തത്. എന്നാൽ 2014ലും 2015ലും ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനിയും പദ്ധതി ഏറ്റെടുക്കാൻ തയാറായിരുന്നില്ല.
തിരക്കനുസരിച്ച് റോഡുകളെ പ്രീമിയം, കൊമേഴ്സ്യൽ, കോമൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് പാർക്കിങ് ഫീസ് ഈടാക്കുക. പ്രീമിയം വിഭാഗത്തിൽ ഇരുചക്ര വാഹനങ്ങൾക്കു 15 രൂപയും വലിയ വാഹനങ്ങൾക്കു 30 രൂപയുമാണ് മണിക്കൂറിനു ഫീസ്. മറ്റു രണ്ടു വിഭാഗങ്ങളിൽ യഥാക്രമം 10 രൂപ, 20 രൂപ; 5 രൂപ, 15 രൂപ എന്നിങ്ങനെയും. എംജി റോഡ്, ബ്രിഗേഡ് റോഡ്, വിത്തൽമല്ല്യ, കസ്തൂർബ റോഡ് ഉൾപ്പെടുന്ന പ്രീമിയത്തിൽ 14 റോഡും മറ്റുള്ളവയിൽ യഥാക്രമം 25 റോഡും 46 റോഡുമാണുള്ളത്. പാർക്കിങ് സമയം കണക്കാക്കി ഫീസ് നിശ്ചയിക്കാനുള്ള ഇലക്ട്രോണിക് സംവിധാനവും സ്മാർട് പാർക്കിങ്ങിലുണ്ടാകും. ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്കു മൊബൈൽ വഴിയും പണമടയ്ക്കാം.