ബെംഗളൂരു . കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വ്യാപാര സാംസ്കാരിക മേള ജയമഹൽ പാലസ് ഗ്രൗണ്ടിൽ മന്ത്രി കെ ടി ജലീൽ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഇൻഫർമേഷൻ വകുപ്പ് ഡയറക്ടർ ഡോ. കെ.അമ്പാടി അധ്യക്ഷതവഹിച്ചു. അഡീഷനൽ ഡയറക്ടർ പി.വിനോദ്, ഡപ്യൂട്ടി ഡയറക്ടർമാരായ ടി.എ.ഷൈൻ, പി.എസ്.രാജശേഖരൻ എന്നിവർ പങ്കെടുത്തു.
കേരളത്തിന്റെ തനത് കലാരൂപങ്ങളും പുതിയ കാലഘട്ടത്തിന്റെ കലാവിരുന്നുമായുള്ള സാംസ്കാരിക മേളയ്ക്കും തുടക്കമായി. തൃശൂരിലെ വായാലി ഗ്രൂപ്പ് മുളവാദ്യത്തോടെയാണ് സാംസ്കാരിക മേള ആരംഭിച്ചത്. റിഥംസ് ഓഫ് കേരളയുടെ ഗാനസന്ധ്യയും കേരളസമാജം ബാംഗ്ലൂരിലെ കലാകാരൻമാരുടെ നൃത്തവും അരങ്ങേറി. ഇന്ന് വൈകിട്ട് ആറിനു സിതാര ബാലകൃഷ്ണന്റെ ക്ലാസിക്കൽ നൃത്തം, ദീപ്തി വെൽഫെയർ അസോസിയേഷനിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി, ഒപ്പന, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറും.
നാളെ അരവിന്ദ് കൃഷ്ണനും ആനന്ദ് കൃഷ്ണനും ചേർന്ന് അവതരിപ്പിക്കുന്ന തായമ്പക, ബാംഗ്ലൂർ മ്യൂസിക് കഫെയുടെ ഗാനമേള, 17നു കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്തം, 18നു കേരള സമാജം ബാംഗ്ലൂരിന്റെ കലാപരിപാടികൾ, കോടമ്പാക്കം മ്യൂസിക് ബാൻഡിന്റെ ഗാനമേള, 19നു വിവേക്നഗർ കലാവൈഭവ ഡാൻസ് സ്കൂളിന്റെ നൃത്തം, അസിമ ബാൻഡിന്റെ ഗാനസന്ധ്യ, 20നു കരിന്തലക്കൂട്ടം ബാൻഡിന്റെ നാടൻപാട്ടുകൾ എന്നിവ അരങ്ങേറും.
ജയമഹൽ പാലസ് ഗ്രൗണ്ടിൽ ആരംഭിച്ച കേരള പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വ്യാപാര, സാംസ്കാരിക മേളയിലെ പാചകപ്പുരയിൽ ഒന്ന് കയറിയാൽ പിന്നെ വയർ നിറച്ചേ മടങ്ങൂ. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകളാണ് ഉദ്യാനനഗരിയിലും തനതു രുചികളുമായി എത്തിയിരിക്കുന്നത്. ചക്കകൊണ്ടുള്ള വിഭവങ്ങൾ മാത്രമാണ് മലപ്പുറം യൂണിറ്റിന്റെ സ്റ്റാളിലുള്ളത്. ചക്ക ഹൽവ, ചക്ക ഉണ്ണിയപ്പം, ചക്ക പായസം, ചക്ക അച്ചാർ തുടങ്ങി ഉൽപന്നങ്ങളുടെ നിര നീളുന്നു. വാഴക്കൂമ്പ് കട്‌ലറ്റുമായാണ് എറണാകുളം യൂണിറ്റിന്റെ വരവ്. കാസർകോട് യൂണിറ്റിന്റെ ചിക്കൻ കടമ്പും കാന്താരി ചിക്കനും, കോഴിക്കോട് യൂണിറ്റിന്റെ ഫിഷ് ബിരിയാണി, കോട്ടയം യൂണിറ്റിന്റെ നാലുകെട്ട് കോഴിക്കറി, കണ്ണൂർ യൂണിറ്റിന്റെ തലശ്ശേരി ദം ബിരിയാണി, നെയ്പത്തിരി… ആസ്വദിച്ച് കഴിക്കാം വിഭവങ്ങൾ. കേരള തീരദേശ വികസന കോർപറേഷന്റെ സ്റ്റാളിലെത്തിയാൽ മൽസ്യവിഭങ്ങൾ രുചിച്ചുനോക്കാം.
മുളകൊണ്ടുള്ള പുട്ടുകുറ്റി മുതൽ ആഭരണങ്ങൾ വരെ ഒരുക്കിയാണ് കേരള ബാംബു മിഷൻ സ്റ്റാളുകൾ ശ്രദ്ധേയമായത്. പുട്ടുകുറ്റിക്കു പുറമെ തവി, മുളയരി, പൂക്കൂട, വട്ടി, ടീ ട്രേ, മേശ, കസേര, പൂപ്പാത്രങ്ങൾ, തുടങ്ങിയ ഉൽപന്നങ്ങളാണ് ബാംബു മിഷൻ സ്റ്റാളുകളെ വ്യത്യസ്തമാക്കുന്നത്. സ്ത്രീകൾക്കുള്ള ബാഗുകൾ, പഴ്സ്, വിവിധ തരം ട്രെൻഡി ആഭരണങ്ങൾ എന്നിവയ്ക്ക് അൻപത് രൂപ മുതൽ 1000 രൂപവരെയാണു വില. പരിസ്ഥിതി സൗഹാർദ വീട് എന്ന ആശയത്തിന് പ്രാമുഖ്യം നൽകിയാണ് ബാംബു മിഷൻ ഉൽപന്നങ്ങളൊരുക്കിയിരിക്കുന്നത്.
രുചിയൂറും ഈര്‍ക്കില്‍ അച്ചാർ തെങ്ങിന്റെ ഈർക്കിൽ ചൂലുണ്ടാക്കാൻ മാത്രമല്ല, രുചികരമായ അച്ചാറും ഉണ്ടാക്കാം. വയനാട്ടിൽ നിന്നുള്ള എറ്റേണൽ ബ്ലൂംസിന്റെ സ്റ്റാളിലെത്തിയാൽ വാക്വം ഫ്രൈഡ് ഭക്ഷണവിഭവങ്ങൾ രുചിക്കാം. മാങ്ങയും പൈനാപ്പിളുമെല്ലാം സ്വാഭാവികമായി ഉണക്കി ആറ് മാസം ഉപയോഗിക്കാൻ സാധിക്കും. മാസങ്ങളളോളം കേടുകൂടാതെ ഇരിക്കുന്ന പ്രിസർവ്ഡ് പൂക്കളും വിൽപനയ്ക്കുണ്ട്. കൈത്തറി കരകൗശല ഉൽപന്നങ്ങളുമായി കരകൗശല വികസന കോർപറേഷന്റെ കൈരളി എംപോറിയം, കയർ ഉൽപന്നങ്ങളുമായി കയർഫെഡ്, കേരള സോപ്സ്, കേരള ടൂറിസം വികസന കോർപറേഷൻ, മാർക്കറ്റ് ഫെഡ് എന്നിവയുടെ അടക്കം അൻപതോളം സ്റ്റാളുകൾ മേളയിലുണ്ട്.
സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ സ്വയം സുരക്ഷയൊരുക്കാനുള്ള മാർഗങ്ങളുമായി കേരള പൊലീസ്. മാലപൊട്ടിക്കലും ആസിഡ് ഒഴിക്കലുമടക്കം സ്ത്രീകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ആക്രമണങ്ങളെ ചെറുത്തു തോൽപിക്കാനുള്ള സ്വയം പ്രതിരോധ പരിശീലനമാണു കേരള പൊലീസ് സ്റ്റാളിലൊരുക്കിയിരിക്കുന്നത്. പരിചയ സമ്പന്നരായ ഒൻപത് വനിതാ പൊലീസുകാരാണു നേതൃത്വം നൽകുന്നത്. കേരള പൊലീസിന്റെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മൊബൈൽ ആപ്പുകൾ പരിചയപ്പെടാനും ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സൗകര്യമുണ്ട്.
കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനു സമീപത്തെ ജയമഹൽ പാലസ് ഗ്രൗണ്ടിലാണ് വ്യാപാര സാംസ്കാരിക മേള നടക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രദർശനം. വൈകിട്ട് ആറിന് കലാപരിപാടികൾ ആരംഭിക്കും. 20ന് സമാപിക്കുന്ന പ്രദർശനത്തിലേക്കു പ്രവേശനം സൗജന്യമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.