മരണം പുല്‍കേണ്ട ജന്മങ്ങള്‍ ..

ജനൽ പാളികൾ ഭേദിച്ചു ഇരുണ്ടു, ഇടുങ്ങിയ ആ മുറിയിലേക്ക്  പുലർക്കാല വെളിച്ചം , പതിയെ ഒളിഞ്ഞു നോക്കുന്ന മട്ടിൽ     പ്രകാശം പരത്തി.  ഒരുമൂലയിൽ ,ആ ചെറിയ കട്ടിലിൽ  ചുരുണ്ട് കൂടിയ അയാൾ …. വെളിച്ചം കണ്ണിലേക്ക്  ഇരച്ചു കയറിയതിനാലാവാം പതിയെ കണ്ണുതുറന്നു , ചുക്കിചുളിഞ്ഞ ആ മുഖത്ത് കുഴിയിലാണ്ട കണ്ണുകളെ കാണാൻ പോലും പ്രയാസം, കൈകാലുകൾ മെലിഞ്ഞൊട്ടിയിരിക്കുന്നു,  മുഷിഞ്ഞു നാറിയ ഒരു പരുക്കൻ കമ്പിളി  പോലെ തോന്നിക്കുന്ന പുതപ്പ് ,തണുപ്പായതിനാലാവാം   ശരീരത്തോട് കൂട്ടിപിടിച്ച് അതിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്നു ആ മുനുഷ്യൻ ……….
ആരാണയാൾ…….??
 മനോഹരമായ ആ ഗാർഡനിൽ ഓടിക്കളിക്കുന്ന നിവേദും , നയനയും , പിറകെ നയനക്കുള്ള കോഫിയുമായ് അമ്മയും
” നയനാ ഇത് കുടിച്ചിട്ട് പോ……”
“വേണ്ട മമ്മി എനിക്ക് വേണ്ട”
കൊഞ്ചി കുണുങ്ങി  അവൾ നിവേദിൻ്റെ പിറകെ ഓടുന്നു ,
ഈ പെണ്ണിൻ്റെ ഒരുകാര്യം
‘രാഹുൽ  നിനക്ക് കോഫി എടുക്കട്ടേ ‘ ?
ഗാർഡനിലെ ചാരുകസേരയിൽ ഇരുന്നു ന്യൂസ് പേപ്പറിൽ മുഴുകിയ  രാഹുൽ തലയുർത്താതെ പറഞ്ഞു
” ഹാ കൊണ്ടുവാ…….”
ചിരിച്ചു തുള്ളി കൊണ്ടുവരുന്ന നയന ചിരി നിർത്താത പറയുന്നു
“മമ്മീ , പപ്പാ ..  മണ്ടൻ നിവു അവിടെ വീണു , ഓടി , ഓടി വീണു ….”
കുണുങ്ങിച്ചിരി നിർത്താനാവുന്നില്ല , ഒഴിവു ദിനമായത് കൊണ്ടാണീ കളിയും ചിരിയും അതെല്ലാവരുടേയും മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്…..
“മമ്മീ ഞാൻ ഗ്രാൻപ്പയെ കാണാൻ പോട്ടെ”…..?
 ഓടിവന്ന നിവേദ്  പെട്ടന്നാണു ചോദിച്ചത്
“നിവേദ് നിന്നോട് എത്ര തവണ പറഞ്ഞു ഞാൻ ഗ്രാൻപ്പ പഴയത് പോലെയല്ല ഇപ്പോൾ കാണാൻ പറ്റില്ല …കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്” …….??
ന്യൂസ് പേപ്പർ മടക്കി വച്ചു കൊണ്ട് രാഹുൽ ഗൗരവത്തോടെ പറഞ്ഞു ,
“എന്താ മമ്മീ ഗ്രാപ്പാൻപ്പയ്ക്കു പറ്റീത് , ഇനി ഗ്രാൻപ്പ ഇവിടെ ഉണ്ടാവോ” ….??
 പതിഞ്ഞ സ്വരത്തിൽ നയന അമ്മയുടെ തൊട്ടടുത്തു ചെന്നു ചോദിച്ചു
“മോളേ ഗ്രാൻപ്പയ്ക്ക് പുറത്ത് വലിയ മുറിവുകളുണ്ട് നിങ്ങൾ അങ്ങോട്ട് പോവരുത് “
കോഫികൊടുത്ത് രാഹുലിന്റെ അടുത്ത് ചെന്ന്
“ഹോ ഗോഡ് , എന്തു സ്മെല്ലാണ് ……
ആ ഭാഗത്തേക്ക് പോവാൻ വയ്യ അവരവിടുന്നു തീരെ നോക്കിയില്ലേ അപ്പോൾ “
“നീ എന്തിനാണ് അങ്ങോട്ട് പോവുന്നേ …? അത് ഡ്രസ്സിങ് ചെയ്യാൻ ഒരു നേഴ്‌സിങ് സ്റ്റാഫിനെ അറേഞ്ച്  ചെയ്യാൻ ഞാൻ ഏജൻസിയെ ഏൽപിച്ചിട്ടുണ്ട് അവർ വരുമ്പോൾ നോക്കിക്കോളും …”  രാഹുൽ ഗൗരവം വിടാതെ തുടർന്നു……
                 ഒറ്റയ്ക്ക് എണീക്കാൻ കഴിയാത്തതിനാലാവാം അയാൾ ചുരുണ്ട് കൂടി അതേ കിടപ്പ് കിടക്കുന്നു, പതിയെ കൈകൊണ്ട് ആ പുതപ്പ് നീക്കി അയാൾ, ഒരു ദുർഗന്ധം  ആ ഇടുങ്ങിയ മുറിയിലാകെ വമിച്ചു , ആയാളുടെ പിറകിൽ തൊലിപൊളിഞ്ഞുണ്ടായ ആ വലിയ മുറിവുകളിൽ നിന്നാണ് ആ കടുത്ത ദുർഗന്ധം വമിച്ചത് ‘ബെഡ് സോർ’ എന്ന് ഡോക്ടർമാർ പറയുന്ന ആ മുറിവ് അതിൻ്റെ ഫോർത് ഡിഗ്രിയും  കഴിഞ്ഞു ആഴത്തിൽ ബാധിച്ചിരുക്കുന്നു, രണ്ടു ദിവസം മുമ്പാണ് , വൃദ്ധ സദനത്തിൽ നിന്നും രാഹുലിനെ വിളിച്ചതും ….
“ഇത്തവണ എന്തായാലും കൊണ്ട് പോവണം ഇവിടെ  ബാക്കി ഉള്ളവരുടെ കൂടി ബുദ്ധിമുട്ട് നിങ്ങൾ മനസ്സിലാക്കൂ…ആദ്യം ഹോസ്പിറ്റലിൽ പോവേണ്ടി വരും “
 അവിടുന്ന് ഇങ്ങനെ പറഞ്ഞതും. അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല അവിടെ ബാക്കി ഉള്ള വൃദ്ധന്മാർ ഈ ദുർഗന്ധവും മറ്റും ഒരുപാട് സഹിച്ചു, സഹിക്കെട്ട് പറയാൻ തുടങ്ങിയിട്ട് കുറേ ആയ് , ഹോസ്പിറ്റലിൽ പോയപ്പോൾ അവർക്കും കാര്യമായ ഒന്നും ചെയ്യാനില്ലത്രെ , ഡ്രസ്സിങ് ചെയ്യേണ്ട രീതി പറഞ്ഞു തന്നു ഒരു ഹോം നേഴ്‌സിനെ വെക്കാനും നിർദ്ദേശിച്ചു അവർ പറഞ്ഞു വിട്ടു…..
 ഒന്നു ചെരിഞ്ഞു കിടക്കാൻ ആയാൾ ശ്രമിച്ചു , നട്ടെല്ലിനെ പോലും ബാധിച്ചു തുടങ്ങിയ ആ മുറിവിൻ്റെ അസഹ്യമായ വേദന കാരണം സാധിക്കുന്നില്ല.
പതിയെ  അയാൾ കണ്ണുകൾ മുറുക്കി അടച്ചു   തൻ്റെ പഴയ കാലം, ഓർക്കാൻ തുടങ്ങി വൃദ്ധസദനത്തിലെ ഒരു മുതുക്കിളവൻ, അല്ല ഈ ഞാനും ഒരു മുതുക്കിളവനാണ്…. ഹാ വേലായുധൻ പറഞ്ഞതാണ്
“കണ്ണുകൾ മുറുകെ അടച്ചു പഴയ കാലം ഓർത്താൽ എല്ലാ വേദനകളും മാറിക്കിട്ടുമെന്ന്……”
 അന്ന് മുതൽ ഈ മരുന്ന് ഇടക്കു നല്ല ആശ്വാസം നൽകി, ഇപ്പോൾ ഇതാണ് പതിവ്,
ലിസ്സാമ്മയെ പ്രേമിച്ചതും , വലിയ പുകിലുകൾ സൃഷ്ടിച്ചു കല്യാണം കഴിച്ചതും, രാഹുൽ വളർന്നു വലുതായതും അങ്ങനെ എല്ലാമെല്ലാം……
 അയാളുടെ നിർബന്ധത്തിനു വഴങ്ങി
“ഇവനുകൊടുക്കുന്ന സ്നേഹം എനിക്ക് പങ്കുവെക്കാൻ വയ്യൻ്റെ ലിസ്സാമ്മേ!!!…..നമുക്ക് ഇവനൊരുത്തൻ മതി….”
 എന്ന് പറഞ്ഞു ആ ഒറ്റ മകനിലേക്ക് ചുരുങ്ങിയതും , പിന്നെ അവനായിരുന്നു എല്ലാം…
 അവൻ്റെ വളർച്ച കൗതുകത്തോടെ നോക്കി ,അവനെ താലോലിച്ചതും , അവൻ വളർന്നു വലുതായതും അങ്ങനെ ഒരുപാട് ഓർമ്മകൾ വേദന സംഹാരികളാണ് ഈ ഓർമ്മകൾ ……!!!
ഒരു പെയിൻ കില്ലറിനും കൊല്ലനാവാത്ത വേദനകൾ കൊല്ലുന്ന ഓർമ്മകൾ ……….
ഓർമ്മകൾ അന്നും തുടങ്ങി അയാൾ…..ഇന്നത്തെ യാത്ര ലിസ്സാമ്മ അയാളെ വിട്ടു പിരിഞ്ഞതുവരേ എത്തി നിൽക്കുമ്പോൾ , അയാളുടെ കണ്ണുകൾ  ഈറനണിയാൻ തുടങ്ങി….
കണ്ണുകൾ വീണ്ടും മുറുക്കി  അടച്ചു അയാൾ മനസ്സിൽ മന്ത്രിച്ചു ദൈവമേ ഈ നരകയാതന എന്നിലവസാനിപ്പിച്ചു മരണമെന്ന കാരുണ്യം എന്നെ പുൽകേണമേ……………
(മരണത്തെ കാത്തു കിടക്കുന്ന ഒരുപാട് വൃദ്ധന്മാർ,  രോഗങ്ങൾ കൊണ്ടും അവ സൃഷ്ടിക്കുന്ന വേദനകൾ അസഹ്യമാവുമ്പോഴും, അവർക്കൊരു താങ്ങും തണലുമായ് അവർക്കൊപ്പം കഴിയാൻ , എന്തിന് , അവരോട് ഒരു നല്ല വാക്കുകൾ പറയാൻ പോലും ഇന്നിൻ്റെ മക്കളായ നമുക്ക് കഴിയുന്നില്ല പലപ്പോഴും,
 ഓർക്കുക നമ്മെ നാമാക്കിയത് ഇവരാണ് നാളെ നമുക്കും ഇതേ അവസ്ഥ സംജാതമാവുമെന്നതിൽ സംശയമില്ല , നമ്മെ നോക്കി വളർന്നു വരുന്ന തലമുറയ്ക്ക്  നമ്മൾ മാതാപിതാക്കളെ സ്നേഹിച്ചു മാതൃക ആവുക , നമുക്ക് സാധിക്കട്ടെ)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us