“Everyone left me when I needed them most” (എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് എല്ലാവരും എന്നെ കൈവിട്ടു)
2016 മെയ്യ് 16 റഷ്യ Novaya Gazeta എന്ന പത്രത്തിൽ Galina Mursaliyeva എന്ന റിപ്പോര്‍ട്ടർ എഴുതിയ ലേഖനം ഒരു ഞെട്ടലോടെയാണ് ലോക൦ വായിച്ചത്. സ്വയം ജീവൻ വെടിഞ്ഞ 12 വയസ്സുകാരിയായ തന്റെ മകളുടെ കമ്പ്യൂട്ടറിലെ ഓൻലൈന് പ്രവർത്തനങ്ങൾ നിരീക്ഷിച്ചപ്പോളാണ് നിഗൂഢമായ ഒരു രഹസ്യ കുട്ടായ്മയെ കുറിച്ച് അറിഞ്ഞത്. അതൊരു മരണത്തിന്റെ കുട്ടായ്മ ആയിരുന്നു, “the group of Death”. തന്റെ മകൾ ജീവിതം എന്താണെന്ന് അറിയുന്നതിന് മുമ്പേ അകാല മരണത്തിന്റെ കൈകളിൽപ്പെട്ടതിന്റെ കാരണം അന്വേഷിച്ചെത്തിയത് അവസാനം മരണത്തിന്റെ കുട്ടായ്മയിലായിരുന്നു. തനിക്ക് ലഭിച്ച അവിശ്വസനീയമായ വിവരം റിപ്പോര്‍ട്ടറിന് സമർപ്പിക്കുകയും, റിപ്പോര്‍ട്ടർ ഒരു അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ ചുരുളയിക്കുകയും പ്രസിദ്ധീകരിച്ച് ലോകത്തെ അറിയിക്കുകയും ചെയ്തു.
റിപ്പോര്‍ട്ടർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഏറ്റവും അദ്ഭുതപ്പെടുത്തുന്നത് രണ്ട് വര്‍ഷം ആത്മഹത്യ ചെയ്ത കൗമാരക്കാരിൽ ഭൂരിഭാഗവും മരണത്തിന്റെ കുട്ടായ്മയിൽ അംഗങ്ങളായിരുന്നു എന്ന സത്യമാണ്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിൽ പല പേരുകളിലായി ഇത്തരം മരണത്തിന്റെ കുട്ടായ്മകളെ കുറിച്ച് മുമ്പും പരാമര്‍ശം ഉയർന്നു വന്നിട്ടുണ്ടെങ്കിലും അധികൃതപ്പെട്ടവർ നിസാര മനോഭാവമാണ് പുലര്‍ത്തിയത്. പല രാജ്യങ്ങളിലും രഹസ്യമായി സമൂഹ മാധ്യമങ്ങളിൽ ഇത്തരം ഡെത്ത് ഗ്രൂപ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. അവർ വികസിപ്പിച്ചെടുത്ത സൈക്കോ ഗേയ്മുകളുടെയും ചാലഞ്ചുകളുടെയും ഇരയാകപ്പെട്ടവർ കൂടുതലും കൗമാരക്കാരാണെന്ന സത്യം ഈ അടുത്തകാലത്താണ് നമ്മൾ അറിയുന്നത്.
പാരാനോയിഡ് സൈക്കോപാത്തുകൾ നിയന്ത്രിക്കുന്ന ഇത്തരം ഡെത്ത് ഗ്രൂപ്പുകളുടെ ലക്ഷ്യം മനശക്തി ഇല്ലാത്തവരെ ഉന്മൂലനം ചെയ്ത് സമൂഹത്തെ ശുദ്ധീകരിക്കുക എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇവരുടെ ആന്തരോദ്ദേശ്യം നിഗൂഢമായി തുടരുന്നു. ഇപ്പോഴും പലരുടെയും ജീവിതം ഇവരുടെ വിരൽ ചലനത്തിന്റെ നിയന്ത്രണത്തിലാണെന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.
ഡെത്ത് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാൻ ഇന്റര്‍നെറ്റ് വിവരങ്ങളുടെ അഗാധമായ ഇരുണ്ട തലത്തിൽ ആഴത്തിൽ ചെന്ന് പരിശോധിച്ചപ്പോൾ വിചിത്രമായ പല കാര്യങ്ങളാണ് മനസ്സിലാക്കാൻ സാധിച്ചത്. സൈബർ ടെക്കികളെയും മനശാസ്ത്ര വിദഗ്ധരെ പോലും അമ്പരിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇവർ പ്രാവർത്തികമാക്കുന്നത്. ഒരു വർറ്റ്വൽ ഹിപ്നോട്ടൈസിലൂടെ യാഥാര്‍ത്ഥ്യ ലോകത്തിൽ നിന്നും മനസ്സിനെ പറിച്ചെടുത്ത് അവരുണ്ടാക്കിയ സാങ്കൽപ്പിക വലയത്തിനുള്ളിൽ പതിപ്പിക്കുകയും പിന്നീട് അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയും പിന്നീട് സ്വന്തം ശരീരത്തെ തന്നെ ഹാനി വരുത്താൻ മനസ്സിനെ പ്രാപ്തമാക്കുകയും അവസാനം സ്വയം ഇല്ലാതാവാൻ പ്രേരണ നൽകുകയും ചെയ്യുന്നു.
2017 ജുലൈ 08 US “അവൻ എപ്പോഴും സന്തോഷത്തിലായിരുന്നു, എല്ലാവരോടും ചിരിച്ചുകൊണ്ടേ സംസാരിക്കുകയുള്ളു, ഒന്നു വിഷമിച്ചിരിക്കുന്നതു പോലും നമ്മൾ കണ്ടിട്ടില്ല” മരണത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് ആത്മഹത്യ ചെയ്യുന്നത് തത്സമയം മൊബൈൽ കാമറയിൽ പകർത്തിയ പതിനഞ്ചു വയസ്സുക്കാരെന്റെ ബന്ധുക്കളുടെ വാക്കുകളാണിവ.
സാഹസമുള്ള വിഷയങ്ങളിൽ തൽപ്പരരായ കുട്ടികളെ പല ഓൻലൈന് സോഷ്യൽ ഗ്രൂപ്പുകളിൽ നിന്നും പിൻതുടർന്നു തിരഞ്ഞെടുക്കുകയും പിന്നീട് അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ആശയങ്ങളും പങ്കുവെക്കുക വഴി കുട്ടികളുമായി ബന്ധമുണ്ടാക്കി ഡെത്ത് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്നു. ഇത്തരം ഗ്രൂപ്പ് നിയന്ത്രിക്കുന്നവർ പലരും സാങ്കേതിക പരിജ്ഞാഞമുള്ളവരും മനശാസ്ത്രത്തിൽ വൈദഗ്ധ്യം നേടിയവരുമാണ്. കൗമാരപ്രായക്കാരെ അവരുടെ നിയന്ത്രണത്തിലാക്കാനും ഭീഷണിപ്പെടുത്തുവാനും അവർക്ക് അനായാസമായൊരു കാര്യമാണ്. 2017 ഫെബ്രുവരി 01 കിർഗിസ്ഥാൻ “എന്റെ വീട്ടുക്കാരിൽ നിന്നും കിട്ടുന്നതിനേക്കാൾ പരിഗണന നിങ്ങളെനിക്ക് നൽകിയുട്ടുണ്ട്, മരണത്തിന്റെ വെല്ലുവിളി ഞാനിതാ..പൂർത്തിയാക്കുന്നു.” സ്വയം ഇല്ലാതാക്കുന്നതിന് തൊട്ട് മുമ്പ് രേഖപ്പെടുത്തിയ പത്തൊമ്പതു വയസ്സുകാരിയുടെ അവസാനത്തെ സ്റ്റാറ്റസ്.
പല കാരണങ്ങൾ കൊണ്ട് ഒറ്റപ്പെടുന്നവരെയും എകാന്തത അനുഭവിക്കുന്നവരുടെയും ഓൻലൈന് പ്രവർത്തനങ്ങൾ അവർ നിരീക്ഷിക്കുകയും പിന്നീട് ഡെത്ത് ഗ്രൂപ്പിൽ അംഗമാക്കുകയും അവർ വികസിപ്പിച്ചെടുത്ത ഗേയ്മുകൾ വഴി സ്വയം നശിക്കാനുള്ള വിചിത്രമായ കൃത്യങ്ങൾ ഘട്ടം ഘട്ടമായി നിർദ്ദേശിക്കുന്നു. ആദ്യം വിനോദകരമായി തോന്നിപ്പിക്കുമെങ്കിലും അവസാനം എകാന്ത ജീവിതത്തിന് ഒരു അർത്ഥവുമില്ല എന്ന് മസ്തിഷ്കത്തെ ഉത്തേജിപ്പിച്ച് മരണത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കുന്നു. 2017 ജുലൈ 29 മുംബൈ നാളെ ഒരു വൈമാനികനായി ഉയരങ്ങൾ കീയടക്കേണ്ടവൻ, അവന്റെ സ്വപ്നങ്ങളും അവനിക്ക് വേണ്ടപ്പെട്ടവരുടെ പ്രതീക്ഷകളും സന്തോഷങ്ങളും എല്ലാമാണ് ഇന്നലെ അവന്റെ കൂടെ താഴേക്ക് പതിച്ചത്.
ചില ഓൻലൈന് ഗേയിം ഗ്രൂപ്പുകളും ഹാക്കിങ് ഗ്രൂപ്പുകളും അവരുടെ നിരീക്ഷണത്തിലാണ്. അവർ ഇട്ടു കൊടുക്കുന്ന ബഗ്സ്, പാച്ച് ഫൈലുകൾ വഴി വിവരങ്ങൾ ചോർത്തിയെടുക്കയും കൗമാരത്തിന്റെ ഇള൦ മനസ്സുകളെ ഭീഷണിപ്പെടുത്തുകയും പിന്നീട് സംഭവിക്കുന്നതെല്ലാം അവരുടെ നിയന്ത്രണത്തിലായിരിക്കും.
ഗ്രൂപ്പ് ഓഫ് ഡെത്ത്സ് നിയന്ത്രിക്കുന്നവർ അഭിശപ്തമായ മനോരോഗത്തിന് അടിമപ്പെട്ടവരായിരിക്കണം. മോശപ്പെട്ട ബാല്യകാലം അല്ലെങ്കിൽ ശിഥിലമായ കുടുംബ പശ്ചാത്തലം ഇത്തരം മനോരോഗികളെ സൃഷ്ടിക്കുന്നതിനു കാരണമായിരിക്കാം. ബയോളജിക്കൽ അക്രമ വാസനയുള്ളവർ ഒളിച്ചിരുന്ന് തന്റെ പരിജ്ഞാഞം സമൂഹത്തിന്റെ നാശത്തിനായി ആയുധമാക്കുമ്പോൾ എവിടെയാണ് പ്രതിരോധിക്കേണ്ടതെന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. ഇവർ വികസിപ്പിച്ചെടുത്ത സൈക്കോ ഗേയ്മുകളും ഹാഷ്ടാഗുകളും മാത്രം നിരോധിച്ചത് കൊണ്ട് പൂര്‍ണ്ണമായി ഇവരെ തടയാനാകില്ല. അതിർത്തികൾ ഇല്ലാത്ത സൈബർ ലോകത്തിൽ പല പേരുകളിലായി പുതിയ രീതികളിൽ നിഴലുകൾ പോലെ ഇവരുടെ പ്രവര്‍ത്തനം തുടർന്നുക്കൊണ്ടേയിരിക്കും.
ഇവരുടെ ഇരകളായിപ്പെട്ടവരിൽ കൂടുതലും ഗേയിം അഡിക്റ്റുകളും, യാഥാര്‍ത്ഥ്യ ലോകത്തിൽ നിന്നും ഒറ്റപ്പെട്ട് വർറ്റ്വൽ ലോകത്തെ ആശ്രയിക്കുന്നവരും, സാഹസിക വെല്ലുവിളികൾ സ്വീകരിക്കുന്നതിന് തൽപ്പരരായവരുമാണ്. കൗതുകത്തോടെ ഇവരിൽ എത്തിച്ചേരുമ്പോൾ തന്നെ മരണത്തിന്റെ കളി തുടങ്ങി കഴിഞ്ഞു. സ്വയം നശിപ്പിക്കാൻ മനസ്സിനെ ബലപ്പെടുത്തുന്നതിനു വേണ്ടി പ്രചോദിപ്പിക്കുന്ന വിഡിയോകളും ആശയങ്ങളും സന്ദേശങ്ങളും ഇവരിൽ നിന്നും ആദ്യം തന്നെ ലഭിക്കുന്നു.
ഇവർ നിർദ്ദേശിക്കുന്ന ചില പരീക്ഷണങ്ങളിലൂടെ അത് പ്രായോഗികമാക്കാൻ തുടങ്ങുന്നു. ഓൺലൈൻ ഹിപ്നോട്ടിസത്തിലൂടെയോ അല്ലെങ്കിൽ സ്വകാര്യത ഓൺലൈൻ പ്രവർത്തനങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തിയോ കളിയുടെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോയേക്കും അവർ വികസിപ്പിച്ചെടുത്ത പ്രോഗ്രാമുകൾ പോലെ മസ്തിഷ്ക൦ മാറിയിരിക്കും. ഒടുവിൽ ആ സന്ദേശവും കാണാം അവരുടെ വിരൽ തുമ്പിൽ നിന്നും വന്ന മരണത്തിന്റെ വിധി.
സൈബർയുഗത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. വീട്ടിലെ അടുക്കളയിൽ തുടങ്ങി ഓഫീസിലെ ഇരിപ്പിടത്തിൽ വരെ സാങ്കേതികവിദ്യയെ ആശ്രയിച്ചാണ് നാ൦ കഴിയുന്നത്. വളർന്നു വരുന്ന കുട്ടികളുടെ കാര്യം നോക്കുകയാണെങ്കിൽ അവർ പൂർണ്ണമായും സാങ്കേതികവിദ്യയെ അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ്. വർറ്റ്വൽ ലോകത്തിൽ മാത്രം ഒതുങ്ങി കൂടുന്ന കുട്ടികളിൽ നൈസർഗികമായ നിരീക്ഷണഭാവനകൾ നശിച്ചു കൊണ്ടിരിക്കുന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. അവർക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങിച്ചു കൊടുത്തതുകൊണ്ടു മാത്രം നമ്മുടെ കർത്തവ്യം പൂർത്തിയാക്കുന്നില്ല. പല രീതിയിലുള്ള ഇരപിടിയന്മാർ പുതിയ അടവുകളുമായി നമ്മുക്ക് ചുറ്റിലുമുണ്ട്, നമ്മളുടെ ചില അശ്രദ്ധകൾ അവർക്ക് ഹിതകരമായിരിക്കും. കൗമാരപ്രായത്തിൽ എത്തുമ്പോൾ കുട്ടികളെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങണം.
അവരെ സംശയിക്കുന്ന രീതിയിൽ ഒരിക്കലും പെരുമാറരുത് പകരം സംരക്ഷണവും പരിഗണനയുമാണ് നൽകേണ്ടത്. നവമാധ്യമങ്ങളിലും സമൂഹത്തിലും പുതിയ സൗഹൃദങ്ങൾ തേടി അവർ പറക്കുമ്പോൾ കുടുംബ പശ്ചാത്തലം അകലാതെ നോക്കണം. അവരുടെ ഓൺലൈൻ പ്രവർത്തനങ്ങളും, അധ്യായന സാമൂഹിക ഇടപ്പെടലുകളും മറ്റു വിനോദ കായിക താൽപരൃങ്ങളും നമ്മൾ നിരീക്ഷിക്കുകയും പിൻതുണയ്ക്കുകയും ചെയ്യുന്നുണ്ടെ
ന്ന ബോധം അവരിൽ ഉണ്ടാക്കിയെടുക്കണം. നിശ്ചിത സമയ പരിധിക്കുള്ളിൽ സിലബസ് തീർക്കാൻ തിരക്ക് കൂട്ടുന്ന അദ്ധ്യാപകരോ അല്ലെങ്കിൽ മികച്ച സമ്പത്ത് ഘടന ഉണ്ടാക്കാൻ തിരക്കേറിയ ജിവിതം നയിക്കുന്ന വേണ്ടപ്പെട്ടവർ തന്നെയോ അവരിൽ നിന്നും അകലുമ്പോൾ, ഒരു പ്രശ്നം വന്നാൽ എങ്ങനെ പരിഹരിക്കണം എന്നറിയാതെ അവർ ഉൾവലിയുന്നു. മാനസിക സമ്മര്‍ദ്ദം കൂടുകയും അവർ മാനസികമായി തളരുകയും, ഒറ്റപ്പെടുകയും ചെയ്യുമ്പോൾ മറ്റുവഴികൾ അവർ തിരഞ്ഞെടുക്കുന്നു.
2017 ജുലൈ 26 കേരളം ബ്ലൂവേയ്ൽ കെണിയിൽപ്പെട്ട് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്ന പതിനേഴ് വയസ്സുകാരന്റെ മുഖപുസ്തകത്തിലൂടെ വിരലോടിച്ചപ്പോയാണ് ഈ സ്റ്റാറ്റസ് എന്റെ ശ്രദ്ധയിൽപ്പെട്ടത് “Everyone left me when I needed them”.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.