ഗൗരി ലങ്കേഷ്: എഴുത്തുകാരൻ യോഗേഷിന്റെ മൊഴിയെടുത്തു

ബെംഗളൂരു ∙ പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) എഴുത്തുകാരൻ യോഗേഷിന്റെ മൊഴിയെടുത്തു. ഗൗരി വധത്തെ തുടർന്നു കർണാടക സർക്കാർ സുരക്ഷ ഏർപ്പെടുത്തിയ 18 പുരോഗമനവാദികളിൽ ഒരാളാണ് യോഗേഷ്. 2015ൽ തനിക്കെതിരെ കൊലപാതക ശ്രമം ഉണ്ടായതിനെക്കുറിച്ചും ഗൗരി ലങ്കേഷിനെക്കുറിച്ചുമാണ് എസ്ഐടി വിവരങ്ങൾ ശേഖരിച്ചതെന്നു യോഗേഷ് പറഞ്ഞു. ഗൗരി ലങ്കേഷ് ഹിന്ദു മതത്തിന് എതിരായിരുന്നില്ല.

എന്നാൽ പിന്നാക്ക വിഭാഗങ്ങളും ദലിത് യുവാക്കളും വലതുപക്ഷ വർഗീയവാദത്തിന് ഇരയാകുന്നതിനെ എതിർത്തിരുന്നു. ഗൗരി വധവുമായി ബന്ധപ്പെട്ട് ബസവേശ്വര മഠാധിപതി പ്രണവാനന്ദ സ്വാമിയെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും യോഗേഷ് പറഞ്ഞു. തീവ്ര ഹിന്ദുത്വ നിലപാടുകൾക്കെതിരെ പുസ്തകം എഴുതിയിട്ടുള്ള യോഗേഷ് മുൻപ് വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

2013ൽ ഇറക്കിയ ദുന്ധി എന്ന പുസ്തകം ഹൈന്ദവ മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിൽ യോഗേഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ യോഗേഷിനെതിരെ ഒട്ടേറെ പ്രതിഷേധങ്ങളും നടന്നു. ഈ വർഷം മാർച്ചിൽ ദാവനഗെരെയിൽ ഗൗരി ലങ്കേഷിന്റെ പിതാവിനെ അനുസ്മരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ യോഗേഷിന്റെ മുഖത്ത് ഒരുസംഘമാളുകൾ കരിഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us