∙ മെട്രോ ഡിപ്പോ മാറ്റും അഞ്ജനപുരയിൽ മെട്രോ ട്രെയിനുകൾ പാർക്ക് ചെയ്യുന്നതിനുള്ള ഡിപ്പോ നൈസ് റോഡിനോടു ചേർന്നുള്ള സ്വകാര്യഭൂമിയിലാണു നിർമിക്കുകയെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) എംഡി പ്രദീപ് സിങ് ഖരോല പറഞ്ഞു. ഡിപ്പോയ്ക്കായി നേരത്തേ പരിഗണിച്ചിരുന്ന സ്ഥലം ആനേക്കൽ–ബെന്നാർഘട്ടെ ആനത്താരയുടെ ഭാഗമായതിനാൽ വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു. പുതിയ ഡിപ്പോ 20 ഏക്കറിലാണു നിർമിക്കുക. സ്വകാര്യഭൂമി ആയതിനാൽ സ്ഥലം ഏറ്റെടുപ്പിൽ തടസ്സമില്ല. അതേസമയം ഈ ഭാഗത്തു റെയിൽപാത വനഭൂമിയിലാണ് അവസാനിക്കുക. ഇതിന്റെ അനുമതിക്കായി വനംവകുപ്പുമായി ചർച്ച നടത്തിവരുകയാണ്.
∙ നിക്ഷേപത്തിനു കോർപറേറ്റ് കമ്പനികൾ നമ്മ മെട്രോ രണ്ടാംഘട്ടത്തിൽ കിഴക്ക്–പടിഞ്ഞാറ് (പർപ്പിൾ ലൈൻ) ഇടനാഴിയിൽ മൈസൂരു റോഡിൽനിന്നുള്ള എക്സ്റ്റൻഷൻ ജോലികളും പുരോഗമിക്കുകയാണെന്നു മന്ത്രി കെ.ജെ.ജോർജ് പറഞ്ഞു. ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള 13 കിലോമീറ്റർ ഭൂഗർഭപാത (റെഡ് ലൈൻ) യുടെ ടെൻഡർ നടപടികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. കെആർ പുരം–സിൽക്ക് ബോർഡ് പാതയുടെ നിർമാണത്തിനു ദി എംബസി ഗ്രൂപ്പ്, ബാഗ്മനെ ടെക്പാർക്, ആർഎംസെഡ് എന്നീ കമ്പനികൾ നിക്ഷേപമിറക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എംബസി ഗ്രൂപ്പ് ഇതിനകം ബിഎംആർസിഎല്ലുമായി ധാരണയിലെത്തിയിട്ടുണ്ട്. മറ്റു കമ്പനികളുമായുള്ള ചർച്ച അവസാനഘട്ടത്തിലാണ്. പ്രസ്റ്റീജ്, ഇന്റൽ എന്നീ കമ്പനികളുമായും ചർച്ച നടക്കുന്നുണ്ട്. ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ നിക്ഷേപമിറക്കാൻ ഇൻഫോസിസും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
∙ 15 സ്റ്റേഷനുകളിൽ പാർക്കിങ് 72.1 കിലോമീറ്റർ വരുന്ന നമ്മ മെട്രോ രണ്ടാംഘട്ടത്തിൽ ആകെ 61 സ്റ്റേഷനുകളാണുള്ളത്. ഇവയിൽ 12 എണ്ണം ഭൂഗർഭ സ്റ്റേഷനുകളാണ്. 15 സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്നു കെ.ജെ.ജോർജ് പറഞ്ഞു. ഇതിനു സ്ഥലം കണ്ടെത്താൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) സഹായിക്കും. മൈലസന്ദ്ര മെട്രോ സ്റ്റേഷനിൽ മൾട്ടിലെവൽ പാർക്കിങ് സൗകര്യവും ഉണ്ടായിരിക്കും.